മണ്ഡല മകരവിളക്ക് ഉത്സവം സമാപിച്ചു ശബരിമല നട അടച്ചു, രാജപ്രതിനിധി മടങ്ങി
ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആചാരനിഷ്ഠമായ ചടങ്ങുകളോടെ ഇന്നലെ രാവിലെ 6.30ന് സമാപിച്ചു. രാജപ്രതിനിധി ഉത്രംനാൾ പ്രദീപ് കുമാർ വർമ്മ പന്തളത്തേക്ക് മടങ്ങി.
രാവിലെ അഞ്ചിന് നടതുറന്ന്, അഭിഷേകവും ഗണപതിഹോമവും ഉഷനിവേദ്യവും കഴിഞ്ഞാണ് രാജപ്രതിനിധി അയ്യപ്പദർശനത്തിനെത്തിയത്. ഇൗ സമയം മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ശ്രീകോവിലിലെ വിളക്കുകളെല്ലാം കത്തിച്ച്, അയ്യപ്പവിഗ്രഹത്തെ ശിരോവസ്ത്രമണിയിച്ച്, അമ്പും വില്ലും ചാർത്തി ഒരുക്കിയിരുന്നു. രാജപ്രതിനിധിയുടെ ദർശന സമയത്ത്, അച്ഛനും മകനും തമ്മിലുള്ള കൂടിക്കാഴ്ചയെന്ന സങ്കല്പത്തിൽ മേൽശാന്തി നീരാഞ്ജനം ഉഴിഞ്ഞ് ഇടതുകൈയിൽ പിടിച്ച് കതകിന് പിന്നിൽ മറഞ്ഞുനിന്നു. ഈ സമയത്ത് പതിനെട്ടാംപടിക്കു മുകളിൽ മറ്റാരും ഉണ്ടാകരുതെന്നാണ് ആചാരം. രാജപ്രതിനിധി അയ്യപ്പനോട് കൈകൂപ്പി വിടചോദിച്ച ശേഷം മേൽശാന്തി വിഗ്രഹത്തിലെ ശിരോവസ്ത്രവും ചാർത്തിയ അമ്പ്, വില്ല് എന്നിവയും മാറ്റി ഭസ്മാഭിഷേകം നടത്തി. രുദ്രാക്ഷമാലയും യോഗദണ്ഡും അണിയിച്ച് അയ്യപ്പവിഗ്രഹത്തെ ധ്യാനനിരത രൂപമാക്കി. വിളക്കുകൾ ഓരോന്നായി അണച്ച് ഒരു വിളക്കിന്റെ മാത്രം വെളിച്ചത്തിൽ രാജപ്രതിനിധിയോട് ശ്രീകോവിൽ അടയ്ക്കാനുള്ള അനുവാദം വാങ്ങി. കർപ്പൂരദീപം കൊളുത്തി നടയടച്ചുപൂട്ടിയശേഷം താക്കോൽ രാജപ്രതിനിധിയെ ഏൽപ്പിച്ചു. നീരാഞ്ജനവുമായി മേൽശാന്തിയും വാളും പരിചയുമേന്തിയ പടക്കുറുപ്പിന്റെ അകമ്പടിയോടെ രാജപ്രതിനിധിയും ക്ഷേത്ര പ്രദക്ഷിണംവച്ചു. കുറുപ്പും മേൽശാന്തിയും പടിയിറങ്ങിയശേഷം രാജപ്രതിനിധി നാളികേരമുടച്ച് പതിനെട്ടാംപടിയടച്ച് താഴേക്കിറങ്ങി. ഒരുവർഷത്തെ വരവുചെലവുമിച്ചമെന്ന സങ്കല്പത്തിൽ മേൽശാന്തി ഒരു പണക്കിഴി പതിനെട്ടാംപടിക്ക് താഴെയെത്തി രാജപ്രതിനിധിയെ ഏൽപ്പിച്ചു. അതിനുശേഷം അടുത്തവർഷംവരെ മാസപൂജ നടത്തുന്നതിനായി ശ്രീകോവിലിന്റെ താക്കോൽ രാജപ്രതിനിധി മേൽശാന്തിയെ ഏൽപ്പിച്ചു. പരിവാരസമേതം രാജപ്രതിനിധി പന്തളത്തേക്ക് മടങ്ങി. കുംഭമാസപൂജയ്ക്കായി ഫെബ്രുവരി 13ന് ശബരിമല നട തുറക്കും.