86 ന്റെ നിറവിൽ പ്രാർത്ഥനയോടെ സുഗതകുമാരി

Tuesday 21 January 2020 11:31 PM IST
തിരുവനന്തപുരം നന്താവനത്തെ വസതിയിലെത്തി സുഗതകുമാരിയുടെ 86 ആം പിറന്നാളിന് ആശംസ അറിയിക്കുന്ന മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരൻ

തിരുവനന്തപുരം: ''സുജാത പോയതിൽ പിന്നെ ഇവിടെ ആഘോഷങ്ങളില്ല. എന്നെക്കാൾ 12 വയസ് ഇളപ്പമാണ് അവൾ. മകളെപ്പോലെയാണെനിക്ക്. പെട്ടെന്ന് അവളങ്ങ് പോയി''പിറന്നാൾ ആശംസയുമായെത്തിയ സൂസപാക്യം പിതാവിനോട് അനിയത്തി സുജാതയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചപ്പോൾ കവിയമ്മയുടെ കൺപീലികൾ നനഞ്ഞു.

86 ന്റെ നിറവിലേക്ക് കടക്കുന്ന സുഗതകുമാരിക്ക് ആശംസ നേർന്ന് ആർച്ച് ബിഷപ്പ് സൂസപാക്യം, വി.എം.സുധീരൻ, പാളയം ഇമാം മൗലവി വി.പി.സുഹൈബ്, എച്ച്.ഷഹീർ മൗലവി തുടങ്ങിയവരാണ് നന്ദാവനത്തെ വീട്ടിലെത്തിയത്. പിറന്നാൾ ആഘോഷമില്ലാത്തതിനാലായിരുന്നു തലേദിവസത്തെ സന്ദർശനം. മകരത്തിലെ അശ്വതി നക്ഷത്രത്തിലാണ് സുഗതകുമാരിയുടെ ജനനം.

ശാരീരികാവശതകൾക്കിയിടയിലും അതിഥികളെ ഹൃദ്യമായി വരവേറ്റ്‌ കുശലം പറയാൻ കവയിത്രി ശ്രദ്ധകാട്ടി. ''കഴിഞ്ഞ മാസം തീരെ കിടപ്പിലായിരുന്നു. നടക്കാൻ പ്രയാസം. ഇപ്പോൾ അല്പം ആശ്വാസമുണ്ട്. ഓട്സും കൂവരവുമാണ് ഭക്ഷണം'' സുഗതകുമാരി പറഞ്ഞു.
ടീച്ചർക്കുവേണ്ടി എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന ചോദ്യത്തിന്, 'എനിക്കുവേണ്ടി പ്രാർത്ഥിക്കേണ്ട, സമൂഹത്തിനായി പ്രാർത്ഥിച്ചാൽ മതി. കഷ്ടപ്പെടുത്താതെ ഈശ്വരൻ അങ്ങു വിളിച്ചാൽ മതി എന്നു മാത്രമാണ് പ്രാർത്ഥന' എന്നു മറുപടി.
സന്തോഷിക്കാനുള്ളതിനെക്കാൾ ക്ലേശിച്ചു. ദുഃഖങ്ങളായിരുന്നു, ജീവിതത്തിൽ കൂടുതലും എന്നു പറഞ്ഞ് 'ഒരു ചെറു പൂവിലൊതുങ്ങുമതിൻ ചിരി, കടലിലും കൊള്ളില്ലതിന്റെ കണ്ണീർ' എന്ന വൈലോപ്പിള്ളിയുടെ ഈരടി ചൊല്ലിയാണ് കവയിത്രി സംസാരം പൂർത്തിയാക്കിയത്.