ഒന്നിച്ചിറങ്ങി പോയത് മരണത്തിലേക്ക്
കൊച്ചി: എളമക്കരയിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫ്ലാറ്റിലെ 401ാം നമ്പർ അപ്പാർട്ട്മെന്റിൽ നിന്ന് പ്രവീൺനായരുടെയും രഞ്ജിത്ത് കുമാറിന്റെയും കുടുംബങ്ങൾ ഒന്നിച്ചാണ് നേപ്പാൾ യാത്രയ്ക്കിറങ്ങിയത്. ശനിയാഴ്ച രാവിലെ യാത്രയ്ക്കായി രഞ്ജിത്തും കുടുംബവും പ്രവീണിന്റെ ഫ്ലാറ്റിലെത്തുകയായിരുന്നു.
ഒരിക്കലും തിരികെ വരാത്ത യാത്രയാണെന്ന് ഇരുകുടുംബവും അവരെ യാത്രയാക്കിയ ഫ്ലാറ്റിലെ അയൽക്കാരും കരുതിയില്ല. ഇന്നലെ ഫ്ലാറ്റിലെ സി.സി.ടി.വിയിൽ നിന്ന് ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അവർ ഒന്നിച്ചിറങ്ങി പോകുന്ന ദൃശ്യങ്ങൾ വീണ്ടും കണ്ണീരോടെ അയൽക്കാർ കണ്ടു.
കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ വാടകയ്ക്ക് കഴിയുകയാണ് പ്രവീൺകുമാർ. ഭാര്യ ശരണ്യ അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ എംഫാം രണ്ടാം വർഷ വിദ്യാർഥിയാണ്. ശരണ്യയുടെ പഠനാവശ്യങ്ങൾക്കാണ് കുടുംബം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് താമസം മാറ്റിയത്. പ്രവീൺ ദുബായിയിൽ എൻജീനിയറാണ്. മക്കളായ ശ്രീഭദ്രയും ആർച്ചയും അഭിനവും എളമക്കരയിലെ സരസ്വതി വിദ്യാലയത്തിൽ മൂന്നാംക്ളാസിലും ഒന്നാംക്ളാസിലും എൽ.കെ.ജിയിലുമായി പഠിക്കുകയായിരുന്നു.
മൂന്ന് മാസം കൂടുമ്പോൾ പ്രവീൺ ഇവരുടെയടുത്തെത്തും. യാത്രകളെ സ്നേഹിച്ചിരുന്ന ഇരുവരും പ്രവീൺ വരുമ്പോഴെല്ലാം എവിടെയെങ്കിലും യാത്ര പോവുക പതിവായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് നേപ്പാൾ തിരഞ്ഞെടുത്തത്. അച്ഛൻ വന്നിട്ടുണ്ട്, പത്തുദിവസം ക്ലാസിൽ വരില്ലെന്നും നേപ്പാളിൽ പോവുകയാണെന്നും അദ്ധ്യാപകരോടും കൂട്ടുകാരോടും പറഞ്ഞാണ് മക്കളും സ്കൂളിൽ നിന്നിറങ്ങിയത്.
അടുത്ത മാസം നടക്കുന്ന പരീക്ഷയ്ക്കുള്ള ഒരുക്കത്തിലായിരുന്നു ശരണ്യ. പ്രോജക്ട് ജോലികൾ പൂർത്തിയാക്കുന്നതിനിടെയാണ് മരണമെത്തിയത്.
മൂന്ന് കുരുന്നുകളുടെയും നിര്യാണത്തിൽ അനുശോചിച്ച് ഇന്ന് എളമക്കര സരസ്വതി വിദ്യാലയത്തിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.