'മീശ' നോവൽ നിരോധിക്കില്ല, ഹർജി സുപ്രീം കോടതി തള്ളി
എഴുത്തുകാരന് തന്റെ ഭാവനയിൽ വിരിയുന്ന കാര്യങ്ങൾ എഴുതാൻ അവകാശമുണ്ട്. അയാളുടെ സൃഷ്ടിയേയും ഭാവനയേയും ബഹുമാനിക്കണം. അതിനാൽ തന്നെ എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്താനാകില്ല. വിവാദങ്ങളുടെ പേരിൽ പുസ്തകങ്ങൾ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാകില്ല. പുസ്തകത്തിലെ ഒരു ഭാഗം മാത്രമായല്ല വായിക്കേണ്ടത്. പുസ്തകം എന്നത് പൂർണമായി വായിച്ച് വിലയിരുത്തേണ്ടതാണ്. അല്ലാതെ ഏതെങ്കിലും ഭാഗം അടർത്തിയെടുത്ത് വിവാദമാക്കുകയല്ല വേണ്ടതെന്നും കോടതി പറഞ്ഞു.
ഇന്ത്യൻ ശിക്ഷാനിയമം 292 പ്രകാരമുള്ള അശ്ലീലമുണ്ടെങ്കിലേ പുസ്തകം നിരോധിക്കുന്നത് പരിഗണിക്കാനാവൂ. ഭാവനാപരമായ സംഭാഷണത്തിൽ അശ്ലീലവും ബാധകമല്ല. പുസ്തകം നിരോധിക്കുന്നത് സ്വതന്ത്ര ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. രണ്ടു പാരഗ്രാഫുകൾ ചൂണ്ടിക്കാട്ടി പുസ്തകം തന്നെ ചവറ്റുകൊട്ടയിലേക്കെറിയാനാണ് ആവശ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.