ഞാൻ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു,​ ശാഖയിലും പോയിട്ടുണ്ട് ,​ പിൻമാറിയതിന് പിന്നിൽ ഇക്കാരണങ്ങൾ: കണ്ണൻ ഗോപിനാഥൻ

Wednesday 22 January 2020 9:00 PM IST

തിരുവനന്തപുരം: താൻ കോളേജിൽ പഠിക്കുന്നതുവരെ ആർ.എസ്.എസുകാരനായിരുന്നുവെന്ന് രാജിവച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. കോളേജിൽ പഠിക്കുന്നതു വരെ ആർ.എസ്.എസ് പ്രവർത്തകനായിരുന്നു. പതിവായി ശാഖയിൽ പോയിരുന്നു. ഒരിക്കൽ ആർ.എസ്.എസ് റാലിക്കായി റാഞ്ചിവരെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അവരുടേ ദേശ സങ്കല്പം വേറെയാണ്. തിരിച്ചറിവ് വന്നതോടെയാണ് ആർ.എസ്.എസിൽ നിന്ന് വിട്ടുപോന്നതെന്നും അദ്ദേഹം പറഞ്ഞു. സർവീസിൽനിന്ന് ഏറെ നിരാശയോടെയാണ് രാജിവെച്ചത്. എന്നാൽ ഇപ്പോൾ​ വളരെയധികം പ്രതീക്ഷയാണെന്നും അദ്ദേഹം പറയുന്നു.

കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതടക്കമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാർ നയങ്ങളോട് വിയോജിച്ചാണ് മലയാളി ഐ.എ.എസ് ഉദ്യോ​ഗസ്ഥനായിരുന്ന കണ്ണൻ ഗോപിനാഥൻ രാജിവെക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ അദ്ദേഹത്തെ പൊലീസ് പലതവണ കസ്റ്റഡിയിൽ എടുത്തിരുന്നു.