കണ്ണൂർ -കുവൈത്ത് സർവീസ് ഗോ എയർ നിറുത്തുന്നു

Thursday 23 January 2020 12:18 AM IST

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കുവൈത്തിലേക്കുള്ള പ്രതിദിന സർവീസ് ഗോ എയർ അവസാനിപ്പിക്കുന്നു. ഈ മാസം 25 മുതൽ മാർച്ച് 28 വരെയുള്ള ബുക്കിഗ് കമ്പനി നിറുത്തലാക്കി. നേരത്തെ ഇൻഡിഗോയും കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള സർവീസ് നിറുത്തിയിരുന്നു.

കുവൈത്ത് വിമാനത്താവളത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ കാരണം സർവീസുകൾ നാലു മണിക്കൂർ വരെ വൈകുന്ന സ്ഥിതിയുണ്ടായിരുന്നു. ഒരേ വിമാനം തന്നെ ഉപയോഗിക്കുന്നതിനാൽ ഇത് കണ്ണൂരിൽ നിന്ന് തിരിച്ചുള്ള സർവീസിനെയും ബാധിച്ചിരുന്നു. ഇത്തരം സാങ്കേതിക പ്രശ്‌നങ്ങളാണ് വിന്റർ ഷെഡ്യൂളിലെ ബാക്കിയുള്ള 64 ദിവസങ്ങളിൽ സർവീസ് റദ്ദാക്കാൻ ഇടയാക്കിയതെന്നാണ് വിവരം.

അതേ സമയം എപ്രിൽ മുതലുള്ള സമ്മർ ഷെഡ്യൂളിൽ സർവീസ് പുനരാരംഭിക്കാൻ സാദ്ധ്യതയുണ്ട്. ദമാമിലേക്കുള്ള സർവീസ് തുടങ്ങിയതോടെ ഗോ എയർ രണ്ട് ആഭ്യന്തര സർവീസുകൾ റദ്ദാക്കിയിരുന്നു. ഇത് കണ്ണൂരിൽ ആഭ്യന്തര യാത്രാ നിരക്കുകൾ കുത്തനെ വർധിക്കാനിടയാക്കി. ഇനി പുതിയ വിമാന സർവീസുകൾക്കായി സമ്മർ ഷെഡ്യൂൾ തുടങ്ങുന്ന ഏപ്രിൽ വരെ കാത്തിരിക്കേണ്ടി വരും.