ഹൈ - ടെക്ക് വ്യവസായ ഇടനാഴി : ഓഹരിയുടമ കരാറിന് അംഗീകാരം

Thursday 23 January 2020 2:19 AM IST

തിരുവനന്തപുരം : കൊച്ചി - പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴി വികസിപ്പിക്കുന്നതിനുള്ള കരട് ഷെയർ ഹോൾഡേഴ്‌സ് എഗ്രിമെന്റ് മന്ത്രിസഭായോഗം അംഗീകരിച്ചു. സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റിനും അംഗീകാരം നൽകി.

ചെന്നൈ - ബംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിൽ നിന്ന് കൊച്ചിയിലേക്ക് നീട്ടുന്നതിന്റെ ഭാഗമായാണ് ഹൈടെക് ഇടനാഴി വികസിപ്പിക്കുന്നത്.

കൊച്ചി- കോയമ്പത്തൂർ ഇടനാഴിയുടെ കേരളത്തിലെ നീളം 160 കിലോമീറ്ററാണ്. ഈ മേഖലയിൽ ആറ് ഏകീകൃത ഉല്പാദന ക്ലസ്റ്ററുകൾ ഉണ്ടാകും. പാലക്കാട് മേഖലയിലെ ഉല്പാദന ക്ലസ്റ്ററിൽ ഭക്ഷ്യസംസ്കരണം, റബ്ബർ, ഇലക്ട്രോണിക്‌സ്, ജനറൽ മെഷിനറി, ഇലക്ട്രിക്കൽ മെഷിനറി എന്നിവയ്ക്കാണ് മുൻഗണന. ഈ മേഖലകളിൽ വലിയ നിക്ഷേപവും തൊഴിലവസരവും വരുമെന്ന് പ്രതീക്ഷിക്കുന്നു.

മറ്റ് തീരുമാനങ്ങൾ

ഇടുക്കി ശാന്തൻപാറ ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ മൂന്ന് അനദ്ധ്യാപക തസ്തികകൾ

ഭാഗ്യക്കുറി വകുപ്പിൽ ക്ലാർക്കുമാരുടെ 44 താൽക്കാലിക തസ്തികകൾ

അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രത്തിൽ (ഐ സി ഫോസ്) അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, ടെക്‌നിക്കൽ കോർഡിനേറ്റർ ഉൾപ്പെടെ 15 തസ്തികകൾ

കെ.എസ്.ഐ.ഡി.സി. ജീവനക്കാർക്ക് 10ാം ശമ്പള പരിഷ്കരണ ശുപാർശകൾ 2014 ജൂലായ് ഒന്ന് മുതൽ പ്രാബല്യത്തോടെ നടപ്പാക്കും.

കേരഫെഡിന്റെ സ്റ്റാഫ് പാറ്റേൺ അംഗീകരിക്കും.

പാലക്കാട് ശൈവ വെള്ളാള ഒ.ബി.സി.യിൽ

പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി. പട്ടികയിൽ ഉൾപ്പെടുത്തി. മറ്റു ജില്ലകളിൽ ശൈവ വെള്ളാള സമുദായം ഉണ്ടോ എന്ന് പരിശോധിക്കും.

ഒല്ലൂർ ആയുർവേദ കോളേജിൽ പി.ജി. ഡിപ്ലോമ

ഒല്ലൂർ വൈദ്യരത്‌നം ആയുർവേദ കോളേജിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ രസായൻ ആൻഡ് വാജീകരൺ കോഴ്‌സിന് അനുമതി

എൻ.എസ്.കെ. ഉമേഷ് വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ

എൻ.എസ്.കെ. ഉമേഷിനെ വ്യവസായ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിക്കാൻ തീരുമാനിച്ചു. ഇപ്പോൾ ശബരിമല എ.ഡി.എം. ആണ്. കെ.എസ്.ഐ.ഡി.സി. നിക്ഷേപ സെല്ലിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയും ഉമേഷിനായിരിക്കും.