'സൗര"യ്‌ക്ക് കൈകൊടുത്ത് സർക്കാരും ടാറ്രയും

Wednesday 22 January 2020 11:28 PM IST

തിരുവനന്തപുരം: 2021ഓടെ 1000 മെഗാവാട്ട് സൗരോർജം ഉത്പാദിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. 'സൗര" പദ്ധതിയുടെ ഭാഗമായി ടാറ്രാ പവർ സിസ്റ്രവുമായി 35 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കരാറിൽ ഒപ്പിട്ട ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇനി ജലവൈദ്യുത പദ്ധതികൾക്ക് സാദ്ധ്യതയില്ല. സൗരോർജ ഉത്പാദനത്തിൽ കേന്ദ്രസർക്കാർ സഹായിക്കാൻ തയ്യാറാണ്. ഈ സാദ്ധ്യത കൂടി ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിലുള്ള സൗര പദ്ധതിയുടെ ഭാഗമായി മൂന്നു തരത്തിലുള്ള പുരപ്പുറ സോളാർ പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടള്ളത്. പദ്ധതിയിൽ രജിസ്റ്റർ ചെയ്‌ത 2,78,264 അപേക്ഷകരിൽ 42500 പേരാണ് 200 മെഗാവാട്ടിനുള്ള ആദ്യ ചുരുക്കപ്പട്ടിയിലുള്ളത്.

ടാറ്രയ്‌ക്ക് പവറിന്റെ പ്രതിനിധി രവീന്ദ്ര സിംഗും സൗരപദ്ധതിയുടെ സംസ്ഥാന കോ - ഓർഡിനേറ്റർ നാസറുദ്ദീനുമാണ് കരാറിൽ ഒപ്പിട്ടത്. വാരി എൻജിനിയേഴ്സ്, ഇൻകെൽ എന്നിവയുമായും കരാറിൽ ഒപ്പിട്ടു. നിലയങ്ങളുടെ നിർമ്മാണം അടുത്ത മാസം തുടങ്ങും. ജൂണോടെ മുഴുവൻ നിലയങ്ങളും പൂർത്തിയാക്കും. ഊർജ വകുപ്പ് സെക്രട്ടറി ബി. അശോക്, വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള എന്നിവരും ചടങ്ങിൽ പങ്കെടുത്തു.