സി.പി.എമ്മുമായി ഏറ്റുമുട്ടി : ചെയർമാൻ രാജിവച്ചു
Friday 24 January 2020 12:00 AM IST
തിരുവനന്തപുരം : സി.പി.എമ്മുമായി ഏറ്റുമുട്ടിയ മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അജിത് ഹരിദാസ് രാജിവച്ചു. കഴിഞ്ഞ ദിവസമാണ് രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് സി.പി.എമ്മുമായി പരസ്യമായി ഏറ്റുമുട്ടിയത്. സർക്കാർ ഇടപെട്ടെങ്കിലും ചെയർമാൻ നഗരസഭയ്ക്കെതിരെ നിരന്തരം ആക്ഷേപം ഉന്നയിച്ചു. ഇതോടെ ബോർഡിലെ മറ്റ് അംഗങ്ങളുടെ ആവശ്യപ്രകാരം വിളിച്ച യോഗത്തിൽ അദ്ദേഹത്തിനെതിരെ അവിശ്വാസം പാസാക്കിയിരുന്നു. ഇതോടെയാണ് രാജിക്ക് കളമൊരുങ്ങിയത്.
മേയറായിരുന്ന വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയാകുന്ന ഘട്ടത്തിലാണ് മാലിന്യ സംസ്‌കരണത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി തിരുവനന്തപുരം കോർപറേഷന് 14.59 കോടി രൂപ പിഴ ചുമത്തി നോട്ടീസ് നൽകിയത്. സംഭവം തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു.