കൊറോണ വൈറസ്; സംസ്ഥാനത്ത് രണ്ടുപേർ നിരീക്ഷണത്തിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് പേർ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിൽ തിരുവനന്തപുരത്തും എറണാകുളത്തുമാണ് ഓരോരുത്തർ വീതം നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് അറിയിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസ് ബാധയെ നേരിടുന്നതിന് സംസ്ഥാനത്ത് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഈയിടെ ചൈനയിൽ നിന്നെത്തിയവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് മുന്നിൽ പരിശോധനക്കെത്തണമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കൊറോണവൈറസ് ബാധയെ തുടർന്ന് സൗദിയിൽ ചികിത്സയിലുള്ള മലയാളി നഴ്സിന്റെ ആരോഗ്യനിലയിൽ പുരോഗതിയുളളതായി ജിദ്ദ കോൺസുലേറ്റ് നേരത്തെ അറിയിച്ചിരുന്നു. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയിൽ നിന്ന് വിട്ടയയ്ക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു. അസീർആശുപത്രിയിലെ മലയാളികളടക്കമുള്ള നൂറോളം ഇന്ത്യൻ നഴ്സുമാർക്ക് കൊറോണയില്ലെന്നും സ്ഥിരീകരണമായി.