കാർഷിക വിളകളുടെ വില ഇടിഞ്ഞു

Saturday 25 January 2020 12:46 AM IST

കോലഞ്ചേരി:കാർഷിക വിളകളുടെ വില ഇടിഞ്ഞു. നട്ടം തിരിഞ്ഞ് കർഷകർ. പ്രധാന കാർഷിക വിളകളായ ചേന, ചേമ്പ്, കാച്ചിൽ, മഞ്ഞൾ,ഇഞ്ചി, കുരുമുളക് തുടങ്ങിയവയുടെ വില കഴിഞ്ഞ വർഷത്തേക്കാൾ ഗണ്യമായി കുറഞ്ഞു. അധ്വാനത്തിന് അനുസരിച്ച് വിളകൾക്ക് വില കിട്ടാത്തതാണ് കർഷകരെ അലട്ടുന്ന പ്രധാന പ്രശ്‌നം. പച്ചക്കപ്പയ്ക്ക് മാത്രമാണ് അൽപമെങ്കിലും വില കിട്ടുന്നത്. ചേനയ്ക്ക് പച്ചക്കപ്പയേക്കാൾ വില കുറഞ്ഞതാണ് കർഷകരെ അതിശയിപ്പിക്കുന്നത്.

ചേന കടകളിൽ 25 രൂപയാണ് വില. ഇഞ്ചിക്ക് രണ്ട് മാസം മുമ്പ് വരെ കിലോയ്ക്ക് 240 രൂപയായിരുന്നു വില. വിളവെടുപ്പ് തുടങ്ങിയതോടെ വില ഇടിഞ്ഞ് 100 ലെത്തി.അതേ സ്ഥിതിയാണ് ഏത്തക്കായയ്ക്കും. ഓണത്തിന് കിലോയ്ക്ക് 75 രൂപയായിരുന്നു. അത് കുറഞ്ഞ് 2 മാസം മുൻപ് 50 രൂപയായി. ഇപ്പോൾ 35 രൂപയ്ക്കാണ് ചില്ലറ വില്പന.കഴിഞ്ഞ ദിവസം സ്വാശ്രയ വിപണിയിൽ കിലോയ്ക്ക് 28 രൂപയ്ക്കാണ് ലേലം നടന്നത്. കപ്പ മാത്രമാണ് അതിനിടയിൽ ആശ്വാസം. കിലോ 30 രൂപയ്ക്കാണ് പച്ചക്കപ്പ വില്പന. ഉണങ്ങിയ കപ്പ 100 രൂപയാണ് കിലോ വില.സ്വർണവും വസ്തുവിന്റെ ആധാരവും ഈടുവച്ച് വായ്പയെടുത്താണ് പലരും കൃഷിയിറക്കിയത്. വിളകളുടെ വില ഇനിയും ഇടിഞ്ഞാൽ കർഷകരുടെ ജീവിതം ജീവിതം വഴിമുട്ടുന്ന അവസ്ഥയാകും.