അദ്ധ്യാപികയുടെ മരണം കൊലപാതകം; ​ രൂപശ്രീയെ കൊന്നത് ഡ്രമ്മിലെ വെള്ളത്തിൽ മുക്കി, അദ്ധ്യാപകനും ‌ഡ്രൈവറും അറസ്റ്റിൽ

Saturday 25 January 2020 1:37 AM IST

കാസർകോട് :മഞ്ചേശ്വരം മിയാപദവ് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക ബി. കെ. രൂപശ്രീ (32) യുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സ്‌കൂളിലെ ചിത്രകലാ അദ്ധ്യാപകൻ വെങ്കിട്ട രമണ കാരന്തര (55), ഡ്രൈവർ നിരഞ്ജൻ (35) എന്നിവരെ ക്രൈംബ്രാഞ്ച് ഡിവൈ.എസ് പി. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ അറസ്റ്റ് ചെയ്തു. രണ്ടു പേരും ചേർന്ന് രൂപശ്രീയെ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി മൃതദേഹം കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു.

ജനുവരി 19നാണ് കുമ്പള കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടത്. 16 ന് രാവിലെ സ്‌കൂളിലേക്ക് പോയ രൂപശ്രീയെ ഉച്ചയോടെ കാണാതായി. വെങ്കിട്ടരമണ കാരന്തര രൂപശ്രീയെ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി നിരഞ്ജന്റെ സഹായത്തോടെ 250 ലിറ്റർ ഡ്രമ്മിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹം വെങ്കിട്ട രമണയുടെ കാറിൽ കുമ്പള കടപ്പുറത്ത് കൊണ്ടുപോയി ഉപേക്ഷിച്ചു. നിരഞ്ജനാണ് കാറടിച്ചത്. സംശയം തോന്നാതിരിക്കാൻ അദ്ധ്യാപികയുടെ സ്‌കൂട്ടർ കടപ്പുറത്തു നിന്ന് മൂന്ന് കിലോമീറ്ററോളം അകലെ ദുർഗിപള്ളയിൽ റോഡരികിൽ കൊണ്ടുവച്ചു. പ്രതിയുടെ മാരുതി സ്വിഫ്റ്റ് കാറിൽ നിന്ന് രൂപശ്രീയുടെ മുടിയിഴകൾ ഫോറൻസിക് സംഘം കണ്ടെത്തി.

രൂപശ്രീയും വെങ്കിട്ടരമണയും തമ്മിൽ അടുപ്പമുണ്ടായിരുന്നു. രൂപശ്രീക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്ന് അടുത്തകാലത്ത് ഈ ബന്ധത്തിൽ വിള്ളലുണ്ടായി. സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കവും കൊലപാതകത്തിലേക്ക് നയിച്ചെന്നാണ് വിവരം.

വെങ്കട്ടരമണയെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

രൂപശ്രീയുടെ മരണം കൊലപാതകമാണെന്നും വെങ്കിട്ടരമണയ്‌ക്ക് പങ്കുണ്ടെന്നും രൂപശ്രീയുടെ ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. ഭർത്താവ് ചന്ദ്രശേഖരൻ നൽകിയ പരാതിയെ തുടർന്ന് ലോക്കൽ പൊലീസ് എസ്. ഐ ബാലചന്ദ്രൻ കേസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. രൂപശ്രീയുടെ മൊബൈൽ ഫോൺ കിട്ടിയതും സി. സി. ടി. വി ദൃശ്യങ്ങളും സഹപ്രവർത്തകരുടെ മൊഴികളും സുപ്രധാന തെളിവുകളായി. അദ്ധ്യാപികയുടെ കാണാതായ മൊബൈൽ ഫോൺ മൂന്നാം ദിവസം രൂപശ്രീയുടെ മുറിയുടെ ജനലിന് സമീപം കണ്ടെത്തിയിരുന്നു. വീട്ടിലെത്തിയ ഒരു കുട്ടിയാണ് ഇത് കണ്ടെത്തിയത്. പൊലീസിന് കൈമാറിയ ഈ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.