കാട്ടാക്കടയിൽ മണ്ണ് മാഫിയയുടെ അഴിഞ്ഞാട്ടം: മണ്ണെടുപ്പ് ചോദ്യം ചെയ്ത സ്ഥലമുടമയെ ജെ.സി.ബി കൊണ്ട് ഇടിച്ചു കൊന്നു

Saturday 25 January 2020 2:12 AM IST
ജെ.സി.ബി ഉപയോഗിച്ച് മണ്ണ് കടത്താൻ ശ്രമിച്ച സ്ഥലം. തൊട്ടടുത്ത് കാണുന്നത് സംഗീതിന്റെ വീട്

തിരുവനന്തപുരം: മണ്ണെടുപ്പ് ചോദ്യം ചെയ്‌ത സ്ഥലമുടമയെ മണ്ണ് മാഫിയാ സംഘം ജെ.സി.ബി കൊണ്ട് ഇടിച്ചുകൊന്നു. പ്രവാസിയായ കാട്ടാക്കട കീഴാറൂർ പാലത്തിന് സമീപം അമ്പലത്തുകാല കാഞ്ഞിരവിളയിൽ ശ്രീമംഗലം വീട്ടിൽ സംഗീത് ബാലനാണ് (35) അതിക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച അർദ്ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം.

അനുവാദമില്ലാതെ തന്റെ പുരയിടത്തിൽ നിന്ന് മണ്ണെടുത്തതിനെ സംഗീത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചത്.അഞ്ചംഗ അക്രമിസംഘത്തിലെ ജെ.സി.ബി ഡ്രൈവർ വിജിൻ പിന്നീട് കാട്ടാക്കട പൊലീസിൽ കീഴടങ്ങി. ജെ.സി.ബി ഉടമയും ചാരുപാറ സ്വദേശിയുമായ സജു, ടിപ്പർ ഉടമ ഉത്തമൻ എന്നിവരടക്കം അഞ്ച് പേരെ പ്രതികളാക്കി കേസെടുത്തതായി പൊലീസ് അറിയിച്ചു.മറ്റ് പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.ആക്രമണത്തിന് ശേഷം സംഘം ജെ.സി.ബിയുമായി കടന്നിരുന്നു. പിന്നീട് , മുളയംകോട് എന്ന സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ജെ.സി.ബി പൊലീസ് കസ്റ്റഡിയിലെടുത്തു.

വീടിന് സമീപം പൗൾട്രിഫാം നടത്തുന്ന സംഗീത് വ്യാഴാഴ്ച രാത്രി 11 മണിയോടെ കടകളിൽ ഇറച്ചിക്കോഴികളെ എത്തിക്കുന്നതിന് വാഹനത്തിൽ പോയിരുന്ന സമയത്താണ് ഒരു സംഘം പേർ സംഗീതിന്റെ വീടിനോട് ചേർന്ന സഹോദരിയുടെ പുരയിടത്തിൽ ജെ.സി.ബിയും ടിപ്പറുമായി എത്തിയത് . ഈ സമയം വീട്ടിൽ സംഗീതിന്റെ ഭാര്യ സംഗീതയും രണ്ടു മക്കളും മാത്രമാണ് ഉണ്ടായിരുന്നത്. വിവരം ഉടനെ സംഗീതിനെ ഭാര്യ വിളിച്ചറിയിച്ചു. ഇതിനിടെ സംഘം വീടിന്റെ അടുക്കളയോട് ചേർന്ന ഭാഗം ജെ.സി.ബി ഉപയോഗിച്ച് കുഴിക്കുകയും ടിപ്പറിൽ രണ്ടു ലോഡ് മണ്ണ് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്തു.സംഗീത് വീട്ടിലെത്തുമ്പോൾ ജെ.സി.ബി ഉപയോഗിച്ച് വീണ്ടും മണ്ണ് ഇടിക്കുന്നതാണ് കണ്ടത്. അനുവാദം ചോദിക്കാതെ മണ്ണിടിക്കരുതെന്നും പണി നിറുത്തിവയ്ക്കണമെന്നും സംഗീത് ആവശ്യപ്പെട്ടു. ഉടനെ, കാട്ടാക്കട പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് വരുന്നതുവരെ ജെസി.ബി പുറത്തേക്ക് കൊണ്ടുപോകാതിരിക്കാനായി തന്റെ കാർ വഴിക്ക് കുറുകെയിടുകയും ചെയ്തു. മണ്ണടിച്ച് കുഴിയാക്കിയ സ്ഥലത്ത് ഭിത്തികെട്ടണമെന്നും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായശേഷം ജി.സി.ബി കൊണ്ടുപോയാൽ മതിയെന്നും പറഞ്ഞ സംഗീത് വീട്ടിൽ കയറി വാതിലടച്ചു. എന്നാൽ, സംഘത്തിലുള്ളവർ സംഗീതിന്റെ കാറിനെ തള്ളിമാറ്റിയ ശേഷം ജെ.സി.ബി യുമായി പുറത്തേക്ക് പോകാൻ ശ്രമം നടത്തി. മതിലിന്റെ ഒരുഭാഗം പൊളിച്ചിട്ട ശേഷം സംഘം കടന്നുകളയാൻ ശ്രമിക്കുന്നതു കണ്ട സംഗീത് വീടിന് പുറത്തിറങ്ങി ജെ.സി.ബിക്ക് മുന്നിൽ നിന്ന് തടസം പിടിച്ചു . തുടർന്നാണ് ജെ.സി.ബിയുടെ ബക്കറ്റ് ഉപയോഗിച്ച് സംഗീതിനെ ശക്തിയായി ഇടിച്ചിട്ട ശേഷം സംഘം ജെ.സി.ബിയുമായി കടന്നത്.ഇടിയുടെ ആഘാതത്തിൽ സംഗീതിന്റെ തലയ്ക്ക് ക്ഷതമേൽക്കുകയും വാരിയെല്ല് തകരുകയും ചെയ്‌തു. രക്തം വാർന്ന് ശ്വാസതടസം നേരിട്ട സംഗീതിനെ ഉടനെ നാട്ടുകാർ ചേർന്ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പൊലീസ് എത്തിയത്

മണിക്കൂറുകൾക്ക് ശേഷം

മണ്ണ് മാഫിയയുടെ ആക്രമണ വിവരം സംഗീത് ഉടനെ അറിയിച്ചിട്ടും സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് കാട്ടാക്കട പൊലീസ് സ്ഥലത്തെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.അക്രമികൾക്ക് രക്ഷപ്പെടാൻ ഇത് വഴിയൊരുക്കി. പൊലീസ് ഉടനെ എത്തിയിരുന്നെങ്കിൽ അക്രമിസംഘത്തെ പിടികൂടാനും സംഗീതിന്റെ മരണം ഒഴിവാക്കാനും കഴിയുമായിരുന്നു.

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ സംഗീത് കഴിഞ്ഞ നാല് വർഷമായി കോഴിഫാം നടത്തിവരുകയാണ് . വീടിനോട് ചേർന്നുള്ള പുരയിടത്തിൽ നിന്ന് നേരത്തേ കീഴാറൂർ പാലത്തിന്റെ അപ്രോച്ച് റോഡിനായും വനം വകുപ്പിന്റെ സാമൂഹ്യവനവത്കരണ പരിപാടിക്ക് കവറിൽ വൃക്ഷത്തൈ നടാനും സംഗീത് മണ്ണ് നൽകിയിരുന്നതായി നാട്ടുകാർ പറഞ്ഞു.എന്നാൽ ,ഇന്നലെ മണ്ണെടുക്കാൻ അനുവാദം നൽകിയിരുന്നില്ല. അക്രമി സംഘത്തിന്റെ ബൈക്ക് നാട്ടുകാർ പിടിച്ചു വച്ചു. സംഗീതിന്റെ മൃതദേഹം മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ : സംഗീത, മക്കൾ: ശ്രീഹരി, സങ്കീർത്തന. ഗൾഫിലുള്ള സംഗീതിന്റെ അമ്മ പ്രഭാകുമാരിയും, സഹോദരി അർച്ചനയും സഹോദരി ഭർത്താവും ഇന്ന് എത്തിയ ശേഷം സംസ്കാരം നടക്കും.