ലോട്ടറി: എല്ലാ ടിക്കറ്രിനും ഇനി 40 രൂപ നൽകണം,​ വില വർദ്ധന മാർച്ച് ഒന്നുമുതൽ

Friday 24 January 2020 11:52 PM IST

തിരുവനന്തപുരം: ലോട്ടറി ടിക്കറ്ര് വില 30 രൂപയിൽ നിന്ന് 40 രൂപയായി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ഇനി എല്ലാ ടിക്കറ്രിനും 40 രൂപയായിരിക്കും. ജി.എസ്. ടി പ്രാബല്യത്തിൽ വരുന്ന മാർച്ച് ഒന്നിന് തന്നെ ഇതും നിലവിൽ വരും. ലോട്ടറിയുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 28ശതമാനമായി ഉയർത്തിയതിനെ തുടർന്നാണ് ടിക്കറ്ര് വില കൂട്ടുന്നത്.

ജി.എസ്. ടി വർദ്ധന വിജ്ഞാപനമായി വന്നാലെ ഇതിന്റെ ഉത്തരവും ഇറക്കുകയുള്ളൂ. ജി.എസ്. ടി കൂട്ടുമ്പോൾ ഏജന്റ് കമ്മിഷൻ കുറയാതിരിക്കാനാണ് ടിക്കറ്റ് വില കൂട്ടുന്നത്. ഇതോടെ ഏജന്റമാർക്ക് ഒരു ടിക്കറ്റിന് ഒരു രൂപയോളം കമ്മിഷൻ വർദ്ധിക്കും.

അതേസമയം സമ്മാനങ്ങളും വർദ്ധിക്കും. ടിക്കറ്റ് വില്പനയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന കമ്മിഷൻ 13 ശതമാനത്തിൽ നിന്ന് 6.8 ശതമായി കുറയും. സംസ്ഥാന സർക്കാരിന് ലഭിക്കുന്ന ജി.എസ്. ടി 6 ശതമാനത്തിൽ നിന്ന് 14 ശതമാനമായി കൂടും.