16 വയസുകാരനെ 16 പേർ ലൈംഗികമായി പീഡിപ്പിച്ചു, ഏഴ് പേർ അറസ്റ്റിൽ: സംഭവം മലപ്പുറത്ത്

Saturday 25 January 2020 9:42 AM IST

മലപ്പുറം: കാടാമ്പുഴയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ 16 പേർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോൾ സ്വദേശിയായ അബ്ദുൽ സമദ്, ശിവദാസൻ, രണ്ടത്താണി സ്വദേശിയായ സമീർ, കല്ലാർമംഗലം മുഹമ്മദ്, കറവത്തനക്കത്ത്‌ ലിയാഖത്ത്, പുളിക്കൽ ജലീൽ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്.

ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കാടാമ്പുഴയിലും മറ്റ് പരിസരങ്ങളിലും വച്ച് പതിനാറോളം പേർ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആൺകുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടർന്നാണ് ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ശേഷം, കാടാമ്പുഴ, കൽപകഞ്ചേരി പൊലീസ് സ്റ്റേഷനുകളിലായി ഇവർക്കെതിരെ നാല് കേസുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു.

കേസുകളുമായി ബന്ധപ്പെട്ട് മറ്റൊരാൾ കൂടി അറസ്റ്റിലാകാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നുമാണ് പൊലീസ് പറയുന്നത്. വളാഞ്ചേരി സ്റ്റേഷനിലും ഇതേ സംഭവവുമായി ബന്ധപ്പെട്ട് സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. അറസ്റ്റ് ചെയ്ത പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.