എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത യെദ്യൂരപ്പ, കർണാടകയിൽ വൻ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്
ദാവോസ്: കർണാടകയിൽ ഷോപ്പിംഗ് മാൾ, ലോജിസ്‌റ്രിക്‌സ്, ഹോസ്‌പിറ്രാലിറ്രി, ഭക്ഷ്യസംസ്‌കരണ മേഖലകളിലായി 2,200 കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും. ദാവോസിൽ ലോക സാമ്പത്തിക ഫോറത്തിൽ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബംഗളൂരുവിലെ രാജാജി നഗറിൽ ലുലുമാളിന്റെ പ്രവർത്തനം ഈവർഷം ആഗസ്‌റ്രിൽ ആരംഭിക്കും. ലുലു ഹൈപ്പർമാർക്കറ്രായിരിക്കും മാളിന്റെ മുഖ്യാകർഷണം. ഉപസ്ഥാപനമായ ട്വന്റി14 ഹോൾഡിംഗ്‌സ് രണ്ടു നക്ഷത്ര ഹോട്ടലുകളും ബംഗളൂരുവിൽ ആരംഭിക്കും. ഉത്തര കനറയിലും ബംഗളുവിലുമായാണ് ലോജിസ്‌റ്രിക്‌സ് സെന്റർ തുടങ്ങുക.
നിക്ഷേപകർക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്‌ത യെദ്യൂരപ്പ, നവംബർ മൂന്നുമുതൽ അഞ്ചുവരെ ബംഗളൂരുവിൽ നടക്കുന്ന ആഗോള നിക്ഷേപ സംഗമത്തിലേക്ക് എം.എ. യൂസഫലിയെ ക്ഷണിച്ചു. വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാർ, ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ, പ്രിൻസിപ്പൽ സെക്രട്ടറി ഗൗരവ് ഗുപ്‌ത, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ എം.എ. അഷ്‌റഫ് അലി, ട്വന്റി14 ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്‌ടർ അദീബ് അഹമ്മദ് എന്നിവരും കൂടിക്കാഴ്‌ചയിൽ സംബന്ധിച്ചു.