"ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിക്ക് കീഴിൽ സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്കില്ല,​ ഭേദപ്പെട്ട ഭരണാധികാരി ഇദ്ദേഹം മാത്രമാണ്": തുറന്നടിച്ച് ശ്രീനിവാസൻ

Saturday 25 January 2020 3:42 PM IST

നടനായും തിരക്കഥാകൃത്തായും മലയാള സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് ശ്രീനിവാസൻ. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. തുടർന്ന് ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്,​ നാടോടിക്കാറ്റ്,​ വടക്കുനോക്കിയന്ത്രം,​ ചിന്താവിഷ്ടയായ ശ്യാമള,​ ഉദയനാണ് താരം,​ കഥ പറയുമ്പോൾ,​ അറബിക്കഥ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിക്കുകകയും ചെയ്തു. രാഷ്ട്രീയ നിലപാടുകൾക്കൊണ്ടും അദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം തനിക്കില്ലെന്ന് പറയുകയാണ് നടൻ. കൗമുദി ടി.വി "താരപ്പകിട്ടി"ലൂടെയാണ് താരം മനസുതുറന്നത്.

"അങ്ങനെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ കൊടിയുടെ കീഴിൽ നിന്നിട്ട് സല്യൂട്ട് അടിക്കേണ്ട ആവശ്യം എനിക്ക് തോന്നിയിട്ടില്ല. അങ്ങനെ സല്യൂട്ട് അടിക്കാൻ പറ്റിയ ഏതെങ്കിലും ഒരു പാർട്ടിയുണ്ടെന്ന് എനിക്ക് വിചാരവുമില്ല. ഇപ്പോൾ നിലവിലെ ഇന്ത്യയുടെ സാഹചര്യം വച്ചുനോക്കുമ്പോൾ അരവിന്ദ് കേജ്‌രിവാൾ വളരെ ഭേദപ്പെട്ട ഒരു ഭരണാധികാരിയാണെന്ന് പറയാം. അത് അപ്രിഷിയേറ്റ് ചെയ്യേണ്ടതായിട്ടുള്ള ഒരു രാഷ്ട്രീയ കാഴ്ചപ്പാടാണ് എനിക്ക് ഇപ്പോൾ ഉള്ളത്. വേറെ ആൾക്കാര് മൊത്തത്തിൽ പിശകാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

എനിക്ക് ഗുണ്ടാസംഘമൊന്നുമില്ല,​ എന്നെ സംരക്ഷിക്കാൻ ആരുമില്ല. വരുന്നിടത്തുവച്ച് വരുന്നപോലെ എന്ന ഒരു ലെെനിൽ. ചിലപ്പോൾ നമ്മളുടെ മനസിലുള്ളതിനെ ഒളിച്ചുവച്ച് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു നിവൃത്തിയുമില്ലെങ്കിൽ പറഞ്ഞുപോകും".-ശ്രീനിവാസൻ പറയുന്നു.