അധികൃതരുടെ വാഗ്ദാന ലംഘനം, പട്ടിമറ്റം ജയഭാരത് വായന ശാലയ്ക്ക് താത്കാലീകാശ്വാസം

Sunday 26 January 2020 12:24 AM IST

പട്ടിമറ്റം: പട്ടിമറ്റം ജയഭാരത് വായന ശാലയ്ക്ക് താത്കാലീകാശ്വാസം. വായനശാല പ്രവർത്തിക്കുന്ന കുന്നത്തുനാട് പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളെക്സിലെ താഴത്തെ നില ഇനി വാടകയ്ക്ക് നല്കുന്നത് ഹൈക്കോടതി താത്കാലീകമായി തടഞ്ഞതോടെയാണിത്.

നിലവിൽ വായന ശാല ഷോപ്പിംഗ് കോപ്ളക്സിലെ മൂന്നാം നിലയിലാണ്. അവിടേയ്ക്ക് എത്തപ്പെടുനുള്ള ബുദ്ധിമുട്ടും ഏറെയാണ്. പഞ്ചായത്ത് നേരത്തെ വായനശാല പുതുക്കി പണിയുമ്പോൾ താഴത്തെ നിലയിൽ സൗകര്യമൊരുക്കുമെന്നായിരുന്നു വാഗ്ദാനം . എന്നാൽ കെട്ടിടം നിർമ്മിച്ചപ്പോൾ വാണിജ്യാവശ്യത്തിനാണ് പ്രാധാന്യം നൽകിയത്. അവിടെ എസ്.ബി.ഐ യ്ക്ക് വാടകയ്ക്ക് നല്കുകയും ചെയ്തു. മറ്റു മാർഗമില്ലാതെ വായനശാല മൂന്നാം നിലയിലേയ്ക്ക് മാറ്റി . ഇപ്പോൾ എസ്.ബി.ഐ പുതിയ കെട്ടിടത്തിലേയ്ക്ക് മാറിയതോടെ വായനശാല താഴത്തെ നിലയിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി. വായന ശാലയ്ക്ക് താഴെ നില അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടിമറ്റം കുരുവിച്ചാലിൽ കെ.എസ് രവീന്ദ്രൻ നായർ നല്കിയ ഹർജിയിലാണ് തുടർ വാടകയ്ക്ക് നൽകുന്നത് ഹൈക്കോടതി താത്കാലീകമായി തടഞ്ഞത്.