കൂടത്തായി : മൂന്നാമത്തെ കുറ്റപത്രം സമർപ്പിച്ചു

Sunday 26 January 2020 12:14 AM IST

വടകര: കൂടത്തായി കൊലപാതക പരമ്പരയിൽ മൂന്നാമത്തെ കുറ്റപത്രം താമരശേരി ഫസ്റ്റ് ക്ളാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫിന്റെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയിലെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമർപ്പിച്ചത്.

500 പേജുകളുള്ള കുറ്റപത്രത്തിൽ 129 സാക്ഷികളും 130 രേഖകളുമാണുള്ളത്. ഷാജുവിനെ വിവാഹം ചെയ്യുമ്പോൾ പെൺകുഞ്ഞ് എന്ന നിലയിൽ ബാദ്ധ്യതയാവാതിരിക്കാനാണ് ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് വടകര റൂറൽ എസ്.പി കെ.ജി സൈമൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷാജുവിന്റെ മകന്റെ ആദ്യ കുർബാന ദിവസം ആൽഫൈന് ഭക്ഷണം കൊടുക്കണമെന്ന് സിലി ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് അടുക്കളയിൽ എത്തിയ ജോളി എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന സയനൈഡ് പുരട്ടിയ ബ്രെഡ് ഷാജുവിന്റെ സഹോദരിയെ ഏല്പിക്കുകയായിരുന്നു. ഇതൊന്നുമറിയാതെ സഹോദരി ഇറച്ചിയിൽ മുക്കി ബ്രെഡ് ആൽഫൈന് നൽകിയപ്പോൾ വായിൽ നിന്ന് നുരയും പതയും വന്നു കുഴഞ്ഞ് വീഴുകയായിരുന്നു.ജോളി സ്ഥിരമായി എത്തിക്കാറുള്ള ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു.ഈ ബഹളത്തിനിടയിൽ അവശേഷിച്ച ബ്രെഡ് ജോളി നശിപ്പിച്ചത് കാരണം യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞില്ല.

കുറ്റപത്രത്തിൽ ജോളി ഒന്നാം പ്രതിയും ജോളിയ്ക്ക് സയനൈഡ് നൽകിയ എം.എസ് മാത്യു രണ്ടാം പ്രതിയും മാത്യുവിന് സയനൈഡ് എത്തിച്ച് നൽകിയ സ്വർണപ്പണിക്കാരൻ പ്രജികുമാർ മൂന്നാം പ്രതിയുമാണ്. താമരശേരി ഡിവൈ. എസ്. പി കെ.പി അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ തിരുമ്പാടി പൊലീസ് ഇൻസ്പക്ടർ ഷാജു ജോസഫാണ് കേസ് അന്വേഷിച്ചത്.