സമരം തുടരാൻ യു.ഡി.എഫ് ബഹളത്തിൽ സഭ ഇന്ന് പിരിഞ്ഞു

Friday 07 December 2018 12:23 PM IST

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കമെന്നാവശ്യപ്പെട്ട് നിയമസഭാ കവാടത്തിൽ യു.ഡി.എഫ് അംഗങ്ങളാരംഭിച്ച സത്യാഗ്രഹം തുടരും. സഭ കൂടാത്ത ശനി, ‌‌ഞായർ ദിവസങ്ങളിലും സത്യാഗ്രഹം തുടരാനാണ് തീരുമാനം. അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ചോദ്യോത്തരവേള പൂർത്തിയാക്കാനാകാതെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

രാവിലെ സഭ സമ്മേളിച്ചതുമുതൽ പ്രതിപക്ഷം ബഹളം ആരംഭിച്ചു. ചോദ്യോത്തരം ആരംഭിച്ച ഉടൻ പ്രതിപക്ഷാംഗങ്ങൾ സ്പീക്കറുടെ വേദിക്കരികിലെത്തി ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു. മൂന്ന് പ്രതിപക്ഷാംഗങ്ങളുടെ സത്യാഗ്രഹം അവസാനിപ്പിക്കാൻ സ്പീക്കർ നടപടി സ്വീകരിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി. ഒടുവിൽ 17 മിനിട്ടോളം ചോദ്യോത്തര വേള തുടർന്ന ശേഷം സഭാ നടപടികൾ നിറുത്തിവയ്ക്കുന്നതായി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിക്കുകയായിരുന്നു.