കൊറോണ : 30 പേരുടെ സാമ്പിൾ പരിശോധനയ്ക്ക്

Monday 03 February 2020 12:51 AM IST

തൃശൂർ: കേരളത്തിൽ രണ്ടാമത്തെ കൊറോണ ആലപ്പുഴയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ, ആദ്യം രോഗബാധ സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാർത്ഥിയുമായി സമ്പർക്കം പുലർത്തിയവരും ജനുവരി 15ന് ശേഷം ചൈനയിലെ വുഹാനിൽ നിന്നും മടങ്ങിയവരുമായ 30 പേരുടെ സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

നേരത്തെ പരിശോധനയ്ക്ക് അയച്ച 15 സാമ്പിളുകൾക്ക് പുറമേയാണിത്. ഇതിനകം എട്ട് സാമ്പിളുകളുടെ ഫലം ലഭിച്ചതിൽ പുതുതായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. തൃശൂരിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രോഗിയുടെ നില തൃപ്തികരമാണെന്നും മന്ത്രിമാരായ വി.എസ് സുനിൽകുമാർ, എ.സി മൊയ്തീൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടു കൂടി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന വിദ്യാർത്ഥിനിയെ ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥിനിയോടൊത്ത് കൊൽക്കത്തയിൽ നിന്നും വിമാന യാത്ര ചെയ്ത മറ്റു ജില്ലകളിൽ നിന്നുമുള്ള 38 പേരെ തൃശൂർ ആരോഗ്യ വകുപ്പ് അധികൃതർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.

ചൈനയിൽ നിന്നും വന്നവരിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച ചില ആളുകൾ പുറത്തിറങ്ങി നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവർ നിർബന്ധമായും വീടുകളിൽ തന്നെ കഴിയേണ്ടതാണെന്നും അല്ലാത്തപക്ഷം കർശന നടപടിയെടുക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.

നിരീക്ഷണത്തിലുള്ളത്

മെഡിക്കൽ കോളേജ് - 15

ജനറൽ ആശുപത്രി- 7

ഐസൊലേഷൻ മുറികൾ- 22

വീടുകളിൽ കഴിയുന്നവർ- 152

സർക്കാർ ആശുപത്രികളിൽ- 96

സ്വകാര്യ ആശുപത്രികളിൽ -85