ചൈനീസ് എം.ബി.ബി.എസ്: ഡോക്‌ടർ സ്വപ്‌നത്തിനുമേൽ കരിനിഴലായി കൊറോണ
ചൈനീസ് എം.ബി.ബി.എസ്: പഠനം തുച്ഛം, പഠിക്കാൻ പതിനായിരങ്ങൾ
തൃശൂർ: സിലബസ് ലളിതം, ഫീസ് കുറവ്, എളുപ്പത്തിൽ ഒരു എം.ബി.ബി.എസ്... ഡോക്‌ടറാകാൻ ചൈനയിലേക്ക് പറക്കുന്ന വിദ്യാർത്ഥികളുടെ ഈ മോഹത്തിനു മീതെയാണ് കൊറോണ പറന്നിറങ്ങിയത്.
ഇനി എന്ന് പഠനം തുടരാനാകുമെന്ന് അറിയാതെ ആശങ്കയിലാണ് രക്ഷിതാക്കളും മടങ്ങിയെത്തിയ വിദ്യാർത്ഥികളും.
ക്ളാസുകൾ മുടങ്ങിയാൽ ഡോക്‌ടറെന്ന സ്വപ്നത്തിനുമേൽ കരിനിഴൽ വീഴും. ചൈനയിൽ പഠിക്കാൻ പതിനായിരങ്ങളുണ്ടെങ്കിലും ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാനുളള ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്സാമിനേഷൻ ജയിക്കുന്നത് വെറും 10-20 ശതമാനം വിദ്യാർത്ഥികൾ മാത്രം. തിയറിയും പ്രാക്ടിക്കലും താരതമ്യേന ലളിതമായതിനാൽ ഇന്ത്യയിലെ കടുപ്പമേറിയ യോഗ്യതാ പരീക്ഷ ജയിക്കണമെങ്കിൽ പണി പതിനെട്ടും പയറ്റണം.
നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ ആണ് ഈ പരീക്ഷ നടത്തുന്നത്. പരീക്ഷ ആവർത്തിച്ച് എഴുതിയും സമാന്തര പഠനത്തിലൂടെയുമാണ് പലരും യോഗ്യതാ പരീക്ഷ ജയിക്കുന്നത്. ജയിച്ചാലും ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ പ്രാക്ടീസ് ചെയ്യാനുളള പ്രാപ്തി പലപ്പോഴും ഉണ്ടാകാറില്ല.
ചെലവ് കുറവായതിനാൽ വിദ്യാഭ്യാസത്തിന് കൂടുതൽ വിദ്യാർത്ഥികളെത്തുന്ന രാജ്യമാണ് ചൈന. ഇതിൽ 80 ശതമാനവുംഎം.ബി.ബി.എസിന് എത്തുന്നവരാണ്. എം.ബി.ബി.എസ് നേടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും എത്തുന്നത് ചൈനയിലാണ്. ഏജൻസികൾ വഴിയാണ് ഇവർ എത്തുന്നത്. മെഡിക്കൽ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജൻസികൾ നിലവാരം കുറഞ്ഞ കോളേജിൽ പ്രവേശനം നൽകാറുണ്ടെന്നാണ് കരിയർ കൺസൾട്ടന്റുമാർ പറയുന്നത്.
പഠനം എന്താകുമെന്ന് അറിയില്ല
'' ഭൂരിഭാഗം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിട്ടതായാണ് ചൈനയിൽ എം.ബി.ബി.എസിന് പഠിക്കുന്ന മകൾ അറിയിച്ചത്. ഉടൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് കോളേജ് അധികൃതരുടെ നിർദ്ദേശം. ഒരു മാസം അവധിക്കാലമായിരുന്നു. ഫെസ്റ്റിവലുകളും നടക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാകാം പെട്ടെന്ന് വൈറസ് പടർന്നതെന്നാണ് പറയുന്നത്. എന്ന് തിരികെ പോകാമെന്നും പഠനം തുടങ്ങാമെന്നും ഒരു പിടിയുമില്ല.
- തൃശൂർ സ്വദേശിയായ രക്ഷിതാവ്
രണ്ട് തരം പഠനം
എം.ബി.ബി.എസ് സിലബസ് രണ്ട് മീഡിയത്തിലാണ് ചൈനയിൽ പഠിപ്പിക്കുന്നത്. ഒന്ന് ചൈനീസ് ഭാഷയിൽ. രണ്ടാമത്തേത് ചൈനീസും ഇംഗ്ളീഷും ചേർന്നത്. ഇതിനാണ് പഠിതാക്കളേറെയും. കൂടുതൽ കോളേജുകൾക്ക് എം.ബി.ബി.എസ് ഇംഗ്ലീഷിൽ പഠിപ്പിക്കാനുള്ള അംഗീകാരം ചൈനീസ് സർക്കാർ നൽകിയിട്ടുണ്ട്.
2015-2018 ൽ വിദേശത്തുനിന്ന് എം.ബി.ബി.എസ് നേടിയ ഇന്ത്യക്കാർ: 61,798
ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ്സ് എക്‌സാമിനേഷൻ എഴുതിയത്: 20,310
ജയിച്ചത് : 2369, (11.67 ശതമാനം)
(നാഷണൽ ബോർഡ് ഒഫ് എക്സാമിനേഷൻ കണക്ക്)
ചൈനയിലെ എം.ബി.ബി.എസ് കോഴ്സിന്റെ മൊത്തം ഫീസ്: 18 മുതൽ 50 ലക്ഷം വരെ.
(കോളേജുകളുടെ ഗുണനിലവാരം അനുസരിച്ച് ഫീസിൽ വ്യത്യാസമുണ്ടാകും)