ഇന്ത്യയിലെ രണ്ടാമത്തെ സ്ഥിരീകരണം: കേരളത്തിൽ ഒരാൾക്ക് കൂടി കൊറോണ

Monday 03 February 2020 12:17 AM IST

 സ്ഥിരീകരിച്ചത് തൃശൂരിലെ വിദ്യാർത്ഥിക്കൊപ്പം വിമാനത്തിൽ വന്ന ആലപ്പുഴയിലെ സുഹൃത്തിന്

ആലപ്പുഴ/ തിരുവനന്തപുരം: ചൈനയിൽ പടർന്നുപിടിച്ച് ലോകമാകെ ഭീതി പരത്തുന്ന കൊറോണ വൈറസ് കേരളത്തിൽ രണ്ടാമതും സ്ഥിരീകരിച്ചു. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിലുണ്ടായിരുന്ന, ആലപ്പുഴ സ്വദേശിയായ വിദ്യാർത്ഥിയിലാണ് പൂനെ വൈറോളജി ഇൻസ്റ്രിറ്റ്യൂട്ടിലെ സാമ്പിൾ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ഇന്നലെ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇന്ത്യയിൽ കൊറോണ വൈറസ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. ചൈനയിലെ വുഹാൻ സർവകലാശാലയിൽ വിദ്യാർത്ഥിനിയായ തൃശൂർ സ്വദേശിനിക്കാണ് ഇന്ത്യയിലെ ആദ്യത്തെ കൊറോണ രോഗം വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഈ വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിലെത്തിയതാണ് ആലപ്പുഴയിലെ വിദ്യാർത്ഥി സുഹൃത്തും. ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ കഴിയുന്ന വിദ്യാർത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന ചേർത്തല സ്വദേശിയായ വിദ്യാർത്ഥിക്ക് വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലത്തിൽ വ്യക്തമായി. ഇയാളെ ഇന്ന് ഡിസ്ചാർജ് ചെയ്തേക്കും. വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിക്കു പുറമെ ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിലവിൽ മൂന്ന് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ രണ്ട് പേർ വിദ്യാർത്ഥികളും മറ്റൊരാൾ ഒരു വിദ്യാർത്ഥിയുടെ ബന്ധുവുമാണ്. ആലപ്പുഴ ജനറൽ ആശുപത്രിയിലും ഒരാൾ നിരീക്ഷണത്തിലുണ്ട്. ഇവരിൽ ആരുടെയും നില ആശങ്കാജനകമല്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ കോട്ടയം ജില്ലയിൽ നിന്നുള്ള ഒരു വിദ്യാർത്ഥികൂടി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്. ചൈനയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥി സംഘത്തിൽ ഉൾപ്പെട്ടതാണ് ഈ കുട്ടിയും. എന്നാൽ രോഗം സ്ഥിരീകരിച്ചിട്ടില്ല.

ആലപ്പുഴയിൽ 124 പേർ നിരീക്ഷണത്തിൽ

ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 124 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരോഗ്യവകുപ്പ് പ്രവർത്തകർ നിരന്തരം ഓരോ മേഖലയുമായും ബന്ധപ്പെടുന്നുണ്ട്. ആരോഗ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ മന്ത്രിമാരായ ജി.സുധാകരൻ, പി. തിലോത്തമൻ, ആരോഗ്യ മിഷൻ ഡയറക്ടർ എസ്.എൻ.ഖേൽകർ, കളക്ടർ എം.അഞ്ജന, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.പുഷ്പലത, മെഡി. ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ, ഡി.എം.ഒ ഡോ.അനിതകുമാരി എന്നിവരുടെ നേതൃത്വത്തിൽ കളക്റ്ററേറ്റിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്ന് പരിശോധന തുടങ്ങും

ജില്ലയിൽ വൈറസ്ബാധ കണ്ടെത്തിയ സാഹചര്യത്തിൽ, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയോട് ചേർന്നുള്ള നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ രക്തസാമ്പിൽ പരിശോധനയ്ക്ക് കേന്ദ്രം അനുമതി നൽകി. ഇന്ന് പരിശോധന ആരംഭിക്കും.

നിലവിൽൽ പൂനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലാണ് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുന്നത്. ഇതിന്റെ ഫലമെത്താൻ മൂന്നോ നാലോ ദിവസമെടുക്കാറുണ്ട്. എന്നാൽ ഇവിടെ പരിശോധന തുടങ്ങുന്നതോടെ ഒറ്റ ദിവസം കൊണ്ട് ഫലം ലഭ്യമാവും.

പിന്തുണച്ച് കേന്ദ്ര ആരോഗ്യമന്ത്രി

:കേരളത്തിൽ രണ്ടാമതൊരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ , പ്രതിസന്ധി നേരിടാൻ കേരളത്തിന് എല്ലാ പിന്തുണയും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർദ്ധൻ ഉറപ്പ് നൽകി