കേസ് വിശാല ബെഞ്ചിന് വിട്ട നടപടി, ശബരിമല കേസിൽ ഇന്ന് വീണ്ടും വാദം
ന്യൂഡൽഹി: ശബരിമല കേസിൽ ഒൻപതംഗ ബെഞ്ച് ഏഴ് ചോദ്യങ്ങൾക്കു പുറമേ എന്തെല്ലാം വിഷയങ്ങൾ പരിഗണിക്കണം, കേസ് വിശാല ബെഞ്ചിന് വിട്ട നടപടി ശരിയാണോ എന്നിവ ഇന്ന് വീണ്ടും സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഒന്നാം നമ്പർ കോടതിയിലാകും വിശാല ബെഞ്ച് ഇത് പരിഗണിക്കുക. പുനഃപരിശോധനാ ഹർജികൾ ഇപ്പോൾ പരിഗണിക്കുന്ന ബെഞ്ചിന് വിശാലബെഞ്ചിലേക്ക് കേസ് വിടാനാകുമോ എന്നതാകും ആദ്യം പരിഗണിക്കുക. അതിനുശേഷമേ എന്തൊക്കെ ഭരണഘടനാ വിഷയങ്ങൾ ഒൻപതംഗ ബെഞ്ച് പരിഗണിക്കണം, വാദമുഖത്തിന്റെ സമയക്രമം എന്നിവ നിശ്ചയിക്കൂ.
വിശാലഅെഞ്ച് പരിഗണിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കുന്നതിനുമുമ്പ്, ഇത് വിശാലബെഞ്ചിലേക്ക് വിടാനാകുമോ എന്നതിൽ ആദ്യം വാദം നടത്തണമെന്ന് കഴിഞ്ഞ ദിവസം മുതിർന്ന അഭിഭാഷകൻ ഫാലി എസ്. നരിമാൻ കോടതിയിലെത്തി ആവശ്യപ്പെട്ടിരുന്നു. അഭിഭാഷകരായ കപിൽ സിബലും ഇന്ദിരാ ജയ്‍സിംഗും നരിമാനെ പിൻതുണച്ചെത്തി. ഇതിനെത്തുടർന്നാണ് കൂടുതൽ വാദം കേൾക്കാമെന്ന് ചീഫ് ജസ്റ്റിസ് സമ്മതിച്ചത്. മുതിർന്ന അഭിഭാഷകർ ഉന്നയിച്ച ഈ വാദത്തോട് ഒമ്പതംഗ വിശാലബെഞ്ച് എന്ത് സമീപനം സ്വീകരിക്കുമെന്നത് നിർണായകമാണ്. ഫാലി എസ്. നരിമാന്റെ വാദം ശരിയാണെന്ന് വിശാലബെഞ്ച് അംഗീകരിച്ചാൽ ആ ബെഞ്ചിന് പ്രസക്തിയില്ലാതാകും. അങ്ങനെയായാൽ, ഭരണഘടനാ വിഷയങ്ങളേതൊക്കെ എന്നത് വിശാലബെഞ്ച് തീരുമാനിക്കേണ്ടതില്ല. പുനഃപരിശോധനാഹർജികൾ പരിഗണിക്കുന്ന അഞ്ചംഗബെഞ്ച് തന്നെ ഈ വിഷയങ്ങൾ തീരുമാനിച്ചാൽ മതിയാവും.