സ്വാർത്ഥതയുടെ ആൾരൂപങ്ങൾ
മദ്ധ്യവയസ്കനായ ഒരാൾ ട്രെയിനിൽ കയറാനുള്ള തിടുക്കത്തിലാണ്. മറ്റുള്ളവരെ മനുഷ്യരെന്നു പോലും ഗൗനിക്കാതെ അയാളുടെ കൈയൂക്ക് കാണിച്ച് തട്ടിമാറ്റി ഒരുവിധം അകത്ത് കടന്നു. അയാളുടെ തടിമിടുക്കിന്റെ പ്രകടനത്തിൽ പലർക്കും വേദനിച്ച കാര്യമൊന്നും അയാൾ ഗൗനിച്ചതേയില്ല. ഏറ്റവും സൗകര്യപ്രദമായ ഒരു സീറ്റ് അയാൾ സ്വന്തമാക്കി അടുത്തുള്ള സീറ്റിൽ ഇനി ഒരാൾ വന്നിരുന്നാൽ തന്റെ ഇരിപ്പിടത്തിന്റെ സുഖം കുറയുമെന്ന് കരുതി തന്റെ ലഗേജ് അടുത്ത സീറ്റിലും വച്ചു. സ്വസ്ഥവും സുഖപ്രദവുമായി ഇരിക്കുന്ന അയാളുടെ അടുത്ത് ഒരു യുവാവ് എത്തി. യുവാവിനെ കണ്ടയുടനെ മദ്ധ്യവയസ്കൻ പറഞ്ഞു :
" ഇവിടെ സീറ്റൊന്നും ഒഴിവില്ല. എന്റെ സ്നേഹിതന്റെ ബാഗാണ് ഇവിടെയിരിക്കുന്നത്. " യുവാവ് അത് ഗൗനിച്ചില്ല. അയാൾ ആ സീറ്റിലേക്ക് കടന്നിരുന്നുകൊണ്ട് ബാഗ് മടിയിൽ വച്ചിട്ട് പറഞ്ഞു :
" താങ്കളുടെ ,സനേഹിതൻ വരുമ്പോൾ ഞാൻ ഒഴിഞ്ഞു കൊടുക്കാം. അതുവരെ എനിക്ക് ഇരിക്കാമല്ലോ" യുവാവിന്റെ സമർത്ഥമായ മറുപടി കേട്ടപ്പോൾ അയാൾക്കൊന്നും പറയാനില്ലാതായി. എങ്കിലും അയാൾ പിറുപിറുത്തുകൊണ്ടേയിരുന്നു. കുറേസമയമായിട്ടും അയാളുടെ സ്നേഹിതൻ വന്നില്ല. ട്രെയിൻ നീങ്ങിത്തുടങ്ങി. പ്ളാറ്റ്ഫോമിന് പുറത്തേക്ക് ട്രെയിൻ കടന്നതും യുവാവ് ബാഗ് എടുത്ത് ജനാലയിലൂടെ പുറത്തേക്കിട്ടുകൊണ്ട് പറഞ്ഞു : "ഏതായാലും താങ്കളുടെ സ്നേഹിതന് ഈ വണ്ടി നഷ്ടപ്പെട്ടു. പാവത്തിന് ഈ ലഗേജും കൂടി നഷ്ടപ്പെടാതിരിക്കട്ടെ. അയാൾക്ക് അത് വന്നെടുക്കാമല്ലോ" സ്വാർത്ഥതയുടെ ആൾരൂപമായി മാറുന്ന അനേകരെ ആധുനിക ജീവിതത്തിൽ ഈ വിധത്തിൽ നമുക്ക് കാണാൻ കഴിയും. വലിയ കാര്യ ങ്ങളിൽ മാത്രമല്ല ചെറിയ കാര്യങ്ങളിൽ പോലും ഇത് നിത്യകാഴ്ചകളാണ്.