അന്ന് മർദ്ദനമേറ്റ ലോക്കപ്പ് മുറിയിൽ സബ് ജയിലിന് തറക്കല്ലിട്ട് മുഖ്യമന്ത്രി

Sunday 09 February 2020 12:15 AM IST

കൂത്തുപറമ്പ്: കൂത്തുപറമ്പ് സ്പെഷ്യൽ സബ് ജയിലിന്റെ ശിലാസ്ഥാപന വേളയിൽ തന്റെ ജയിൽ അനുഭവങ്ങൾ പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി ലോക്കപ്പിൽക്കഴിഞ്ഞ കൂത്തുപറമ്പ് പഴയ പൊലീസ് സ്റ്റേഷനാണ് സബ് ജയിലായി നവീകരിക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് കൂത്തുപറമ്പ് പൊലീസ് സ്റ്റേഷനിലും പിന്നീട് കണ്ണൂർ സെൻട്രൽ ജയിലുമുണ്ടായ അനുഭവങ്ങളാണ് അദ്ദേഹം പങ്കുവച്ചത്.

'കൂത്തുപറമ്പ് പൊലീസ് ലോക്കപ്പിൽ മർദ്ദിച്ചവശനാക്കിയ ശേഷം ജീപ്പിൽ കണ്ണൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാനൂർ മേഖലയിൽ നിന്നുള്ള മറ്റൊരു പാർട്ടി പ്രവർത്തകനായ ഗോപാലനും ജീപ്പിൽ കൂടെയുണ്ടായിരുന്നു. ധീരനായ ഗോപാലൻ കൂടി എത്തിയതോടെ എല്ലാവർക്കും ധൈര്യമായിരുന്നു. എന്നാൽ ഏതാനും ദിവസം കൊണ്ട് തന്നെ ജയിലിൽ വച്ച് ഗോപാലന് മനം മാറ്റമുണ്ടായി. മാപ്പെഴുതിക്കൊടുത്ത് പുറത്തു പോയി '- പിണറായി ഓർമ്മിച്ചെടുത്തു.

താൻ ഉൾപ്പെടെയുള്ളവർ എല്ലാ പ്രയാസങ്ങളെയും അതിജീവിച്ച് ജയിലിൽ കഴിഞ്ഞു. ജയിലിൽ ആദ്യമായി എത്തുന്ന സാധാരണക്കാർക്ക് കടുത്ത മാനസിക പിരിമുറക്കമുണ്ടാകും. അതിനെയെല്ലാം അതിജീവിച്ചാണ് പൊതുരംഗത്ത് പിടിച്ച് നിന്നതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

കൂത്തുപറമ്പിലെ ലോക്കപ്പ് മുറിയിൽ കടുത്ത മർദ്ദനമേറ്റപ്പോൾ ധരിച്ചിരുന്ന വസ്ത്രം ഉയർത്തിക്കാട്ടി പിണറായി വിജയൻ നിയമസഭയിൽ അന്ന് നടത്തിയ പ്രസംഗം ചരിത്രത്തിന്റെ ഭാഗമാണ്.