എഴുത്ത് ബാക്കിവച്ച് സ്വയമിറങ്ങി, കൊറോണ വാർഡിലെ മാലാഖ

Sunday 09 February 2020 11:10 AM IST
സന്ധ്യ ജലേഷ്

മാള: ലോകം കൊറോണയെ പേടിക്കുമ്പോൾ, തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊറോണ സംശയമുള്ളവരെ ചികിത്സിക്കുന്ന ഐസൊലേഷൻ വാർഡിലെ ഡ്യൂട്ടി ചോദിച്ചു വാങ്ങി മാതൃകയായി സ്റ്റാഫ് നഴ്‌സ് സന്ധ്യ ജലേഷ്. കഴിഞ്ഞ 10 ദിവസമായി രോഗികൾക്ക് സാന്ത്വനവും ധൈര്യവും പകർന്ന് സന്ധ്യ ഓടി നടക്കുന്നു.

സന്ധ്യയുടെ ആവശ്യം കേട്ടതോടെ സുഹൃത്തുക്കളും ബന്ധുക്കളും പിന്തിരിപ്പിക്കാൻ ശ്രമിച്ചതാണ്. എന്നാൽ, കൊറോണയുമായി ബന്ധപ്പെട്ടുള്ള അനാവശ്യ ഭീതി അകറ്റുക തന്റെ കടമയാണെന്ന് അവരെയൊക്കെ ബോദ്ധ്യപ്പെടുത്തി. 'ജീവിതം ഒന്നേയുള്ളൂ. അത് മറ്റുള്ളവർക്ക് കൂടി പ്രയോജനപ്പെട്ടില്ലെങ്കിൽ പിന്നെ എന്തർത്ഥം?..." സന്ധ്യയുടെ സുമനസിനു മുന്നിൽ ഭർത്താവ് ജലേഷിന്റെയും എതിർപ്പലിഞ്ഞു.

സാഹിത്യ പ്രതിഭയുമാണ് സന്ധ്യ. വേദനയ്‌ക്കൊപ്പം രോഗികളുടെ ആശങ്കകളും സങ്കടങ്ങളും മനസിലാക്കി ആശ്വാസം പകരാറുണ്ട് സന്ധ്യ. ഇത്തരം കാഴ്ചകളും അനുഭവങ്ങളുമാണ് എഴുത്തിനായി മനസിനെ പാകപ്പെടുത്തുന്നതെന്ന് സന്ധ്യ പറയുന്നു.

ജോലിത്തിരക്കിനിടയിലും രണ്ട് നോവലുകൾ പ്രസിദ്ധീകരിച്ചു. ആദ്യ നോവലായ 'നീ എന്റെ സുകൃത"ത്തിന് ഭാഷാശ്രീ പുരസ്‌കാരവും 'മഴ മേഘങ്ങളെ കാത്ത്" എന്ന നോവലിന് മാധവിക്കുട്ടി അവാർഡും ലഭിച്ചു. നേപ്പാൾ-ബംഗാൾ പശ്ചാത്തലത്തിലുള്ള നോവലായ 'ചൗപദി" എഴുതാൻ കൊൽക്കത്തയിലും ബംഗാൾ ഗ്രാമങ്ങളിലും സഞ്ചരിച്ചു. ചെറുകഥാ സമാഹാരമായ 'മഴ നനഞ്ഞ മന്ദാരങ്ങൾ" അച്ചടി ഘട്ടത്തിലാണ്. നാലാമത്തെ നോവലിന്റെ തുടക്ക ഘട്ടത്തിലാണ് ഐസൊലേഷൻ വാർഡിൽ കയറിയത്. ഇവിടെ ഡ്യൂട്ടി പൂർത്തിയാക്കിയിട്ടേയുള്ളൂ തുടരെഴുത്ത്.

നഴ്‌സിംഗ് പഠനം കഴിഞ്ഞ് 2016 ലാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. 'എന്റെ എഴുത്തുപുര" എന്ന ഫേസ് ബുക്ക് പേജിലായിരുന്നു രചന തുടങ്ങിയത്. കളമശ്ശേരി നല്ലേപ്പിള്ളിയിലാണ് താമസം. ഇവർക്ക് രണ്ട് മക്കളുണ്ട്. ലക്ഷ്മിയും അമർനാഥും.