പാലാരിവട്ടം അഴിമതി: ഇബ്രാഹിംകുഞ്ഞിനെ ഉടൻ ചോദ്യം ചെയ്യാൻ വിജിലൻസ്
കൊച്ചി:പാലാരിവട്ടം ഫ്ളൈഓവർ അഴിമതിക്കേസിൽ മുൻ മന്ത്രിയും കളമശേരി എം.എൽ.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ നിയമസഭാ സമ്മേളനം അവസാനിച്ചാലുടൻ വിജിലൻസ് ചോദ്യം ചെയ്യും.
ബുധനാഴ്ച സമ്മേളനം അവസാനിച്ച ശേഷം നോട്ടീസ് നൽകി എറണാകുളം വിജിലൻസ് ഓഫീസിൽ വിളിച്ചു വരുത്തും. ഇബ്രാഹിം കുഞ്ഞിൽ നിന്ന് നേരത്തേ മൊഴിയെടുത്തിരുന്നു. ഗവർണർ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയതോടെയാണ് ചോദ്യം ചെയ്യലിന് തയ്യാറെടുക്കുന്നത്. ശക്തമായ തെളിവുകൾ വിജലൻസിന് ലഭിച്ചതായാണ് സൂചന.
നേരത്തേ മൊഴിയെടുത്ത റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ മുൻ എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷിനെയും അടുത്തയാഴ്ച ചോദ്യം ചെയ്യും.
പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ് നൽകിയ മൊഴിയാണ് നിർണായകമായത്. മന്ത്രി ഉത്തരവിട്ടിട്ടാണ് കരാർ കമ്പനിക്ക് മുൻകൂർ പണം നൽകിയതെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട ഫയൽ വിജിലൻസ് പരിശോധിച്ചതോടെ ശക്തമായ തെളിവുകൾ ലഭിച്ചു. തുടർന്നാണ് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി തേടിയത്.
റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷൻ ജനറൽ മാനേജൻ എം.ഡി. തങ്കച്ചനെ നിയമിച്ചത് വഴിവിട്ടാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. പത്രത്തിൽ പരസ്യം നൽകി അഭിമുഖം നടത്തിയാണ് സാധാരണ നിയമനം നടത്തുന്നത്. തങ്കച്ചന്റെ കാര്യത്തിൽ ഇതൊന്നുമുണ്ടായില്ല. ഇയാൾ പൊതുമരാമത്ത് വകുപ്പിൽ നിന്ന് സൂപ്രണ്ടിംഗ് എൻജിനിയറായി വിരമിച്ചയാളാണ്. എന്തിന് വഴിവിട്ട ഇടപെടലുകൾ നടത്തിയെന്നതിന് ഇബ്രാഹിംകുഞ്ഞ് മറുപടി പറയേണ്ടി വരും.