മലയാളി ക്യാമറാമാനെയും സുഹൃത്തുക്കളെയും തീവ്രവാദികളാക്കി സോഷ്യൽ മീഡിയയിൽ പ്രചാരണം
കോയമ്പത്തൂർ: തമിഴ്നാട്ടിൽ വിവാവീഡിയോ ഷൂട്ടിംഗിനെത്തിയ മലയാളി ക്യാമറാമാനെയും സംഘത്തെയും തീവ്രവാദിയാക്കി ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ വ്യാജപ്രചാരണം.മലയാളത്തിലെ സിനിമകളിലടക്കം ക്യാമറമാനായി പ്രവർത്തിച്ചിട്ടുള്ള ഷിഹാബ് ഓങ്ങല്ലൂരിനും സംഘത്തിനുമാണ് തമിഴ്നാട്ടിൽ ദുരനുഭവം ഉണ്ടായത്. പാലക്കാട് പട്ടാമ്പി സ്വദേശിയായ ഷിഹാബ്, സ്റ്റുഡിയോ ഉടമ ഷംനാദ്, ഫഹാസ്, മിഥിലാജ് എന്നിവരാണ് തമിഴ്നാട്ടിലെ ഈറോഡിൽ വിവാഹവുമായി ബന്ധപ്പെട്ട ഷൂട്ടിംഗാനായി എത്തിയത്..
പ്രശസ്തമായ മരുതമലൈ ക്ഷേത്രത്തിൽ വിവാഹത്തിന്റെ ഔട്ട്ഡോർ ഷൂട്ടിംഗ് കഴിഞ്ഞ ദിവസമാണ് ഇവർ നടത്തിയത്. ഇതുകഴിഞ്ഞ് തിരിച്ചുവരുമ്പോൾ ഒരാൾ ഇവരുടെ ചിത്രങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് അടുത്ത ദിവസം തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും ഒരു ഫോൺകോ ൾവന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ഷിഹാബും സംഘവും മനസിലാക്കുന്നത്.
തമിഴ്‌നാട് സ്വദേശി എസ് ശ്രീനിവാസ രാഘവൻ എന്നയാളാണ് ഇവരുടെ ഫോട്ടോ 'മോദി രാജ്യം' എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഇതിന് നൂറുകണക്കിന് ഷെയറും കമന്റുമാണ് ലഭിച്ചത്. മരുതമലൈ ക്ഷേത്രത്തില്‍ ഉത്സവമാണെന്നും, ഇന്ന് ഒരു പ്രത്യേക വാഹനം ഇവിടെ കറങ്ങുന്നുവെന്നും ഇവര്‍ മുസ്ലീംങ്ങളാണെന്നും പോസ്റ്റിൽപറയുന്നു. എന്തിനാണ് ഇവർ ഇവിടെ വരുന്നത്. അതിനാൽ വിശ്വാസികൾക്ക് ദുരന്തം ഉണ്ടായേക്കും എന്നുമാണ് ഇയാൾ പോസ്റ്റ് ചെയ്തത്.
ഈ പോസ്റ്റിന് വലിയതോതിൽ ഷെയറും ലഭിച്ചു. രാവിലെ ഈ പോസ്റ്റ് പൊലീസ് ശ്രദ്ധയിൽപെടുത്തിയപ്പോൾതന്നെ ഇതിന് 400ഓളം ഷെയർലഭിച്ചിരുന്നതായി ഷിഹാബ് പറയുന്നു. പോസ്റ്റിനൊപ്പം തങ്ങളുടെ വാഹനത്തിന്റെ വിവരങ്ങളും ഇവർ ചേര്‍ത്തതായി ഷിഹാബ് പറയുന്നു.
പൊലീസ് അറിയിച്ചതിനെ തുടർന്ന് തങ്ങളുടെ തമിഴ്നാട്ടിലെ വിവരങ്ങൾ കൈമാറിയ ഷിഹാബും സംഘവും ഈ പ്രചാരണത്തിനെതിരെ മറ്റൊരു കേസ് നല്‍കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.. പിന്നീട് വിവാഹത്തിന് തങ്ങളെ വിളിച്ചവർപോസ്റ്റിട്ട വ്യക്തിയുമായി ബന്ധപ്പെട്ട് പോസ്റ്റ് പിൻവലിച്ചിട്ടുണ്ടെന്നും ഷിഹാബ് അറിയിച്ചു.