ആദ്യം സംഗീതം, പിന്നെ ഹാസ്യം, സിനിമ: ജീവിത വഴികളിലൂടെ വീണ്ടും നടന്ന് ശ്രീലത നമ്പൂതിരി
പ്രാണനെ പോലെ പാട്ട് കൂടെയുണ്ടാകണം, നല്ലൊരു പാട്ടുകാരിയാകണം, മനസ് നിറഞ്ഞ് സംഗീത കച്ചേരികൾ അവതരിപ്പിക്കണം, ഒരു സംഗീതവിദ്യാലയം തുടങ്ങണം... കുഞ്ഞുനാൾ മുതൽ സംഗീതമില്ലാത്ത ഒരു സ്വപ്നവും നടി ശ്രീലതയ്ക്കുണ്ടായിരുന്നില്ല. ഈ ആഗ്രഹങ്ങളിലേറെയും സാധിച്ചു കൊടുത്ത കാലം, ശ്രീലതയ്ക്കായി കരുതിയത് മറ്റൊരു വിസ്മയമായിരുന്നു. മലയാളസിനിമയിൽ ചിരി വിതറാനുള്ള നിയോഗം. അങ്ങനെ ജീവിതത്തിൽ ഗൗരവക്കാരിയായ ശ്രീലത ഹാസ്യനായികയായി വെള്ളിത്തിരയുടെ തിരക്കിൽ ഒഴുകി നടന്നു. വിവാഹശേഷം നീണ്ട 23 വർഷങ്ങൾ അവർ അഭിനയത്തിൽ നിന്നും വിട്ടു നിന്നു. ശ്രീലതയുടെ ഭാഷയിൽ ഒരു ചായ പോലും ഉണ്ടാക്കാൻ അറിയാത്ത ആൾക്ക് പാചകം പ്രിയപ്പെട്ടതായി, ഭർത്താവ് കാലടി പരമേശ്വരൻ നമ്പൂതിരിയ്ക്കൊപ്പം ആയുർവേദ മേഖലയിൽ സജീവമായി. നിഴൽ പോലെ കൂടെയുണ്ടായിരുന്ന പ്രിയപാതി യാത്രയായപ്പോൾ മുന്നിൽ ഒന്നുമുണ്ടായിരുന്നില്ല. അവിടെ നിന്നാണ് മറന്നു തുടങ്ങിയ പാട്ട്, ഓർക്കാപ്പുറത്തെത്തി ജീവിതം തിരികെ നൽകിയത്. പിന്നീട് കച്ചേരികളും അഭിനയവുമായി അവർ തിരക്കിലായി. നാളെ എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന നടി ശ്രീലതാ നമ്പൂതിരിയുടെ കൂടെ...
പാട്ടിൽ പിച്ചവച്ച കുട്ടിക്കാലം
അമ്മ കമലമ്മ സംഗീതാദ്ധ്യാപികയായിരുന്നു. അമ്മ കച്ചേരിക്ക് പോകുമ്പോൾ നാലുവയസുകാരിയായ എന്നെയും കൂട്ടും. എനിക്കന്ന് കച്ചേരി ഇഷ്ടമില്ല. അമ്മ പാടുമ്പോൾ ഞാൻ കിടന്നുറങ്ങും. എനിക്ക് താഴെ നാലു അനിയൻമാർ. അച്ഛൻ ബാലകൃഷ്ണൻ നായർ മിലിട്ടറിയിലായിരുന്നു. പിന്നെ പിന്നെ പാട്ട് പ്രാണനായി. പറമ്പ് കിളച്ച്, കൂന കൂട്ടിവച്ച് ജോലി ചെയ്യുമ്പോൾ വലിയമ്മ പൈസ തരും. ആ പൈസയ്ക്ക് സിനിമ കാണും. പാട്ടുപുസ്തകം നോക്കി പാടും. ദക്ഷിണാമൂർത്തി സ്വാമി, എം.എസ്. ബാബുരാജ് എന്നിവരുടെ പാട്ടുകളാണ് പ്രിയം. ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലളിതഗാനത്തിൽ രണ്ടുതവണ സംസ്ഥാനതലത്തിൽ ഒന്നാമതായിരുന്നു. ലോംഗ് ജംപാണ് മറ്റൊരു ഹരം. കുറേ സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. സ്വയം വേണമെന്ന തോന്നലിലാണ് ഇതൊക്കെ ചെയ്യുന്നത്. പ്രോത്സാഹിപ്പിക്കാൻ ആരുമില്ല. വൈകിട്ട് സ്കൂളിൽ നിന്നും വന്നാൽ വരയിട്ട് ഒരേ ചാട്ടമാണ്. എന്റെ അമ്മ ഇട്ട പേര് വസന്ത എന്നായിരുന്നു, അപ്പച്ചി സ്കൂളിൽ ചേർത്തപ്പോൾ അൽപ്പം കൂടി മോഡേണാക്കി ശ്രീലത എന്ന് മാറ്റി. ഹരിപ്പാട് ബ്രദേഴ്സാണ് പാട്ടിലെ ആദ്യഗുരുക്കൻമാർ. പ്രശസ്ത സംഗീതജ്ഞ എം.എൽ. വസന്തകുമാരി എന്നാണ് അവർ എന്നെ വിളിച്ചിരുന്നത്. അതെനിക്ക് വലിയ അഭിമാനമായിരുന്നു. എന്നെ ആദ്യമായി ഒരു പൊതുവേദിയിൽ പാടിപ്പിച്ചത് ശ്രീകുമാരൻ തമ്പി സാറാണ്. സാറിന്റെ വീട് ഹരിപ്പാട് ഞങ്ങളുടെ സ്കൂളിന് തൊട്ടടുത്തായിരുന്നു. മന്നത്തു പദ്മനാഭനെക്കുറിച്ചുള്ള ആ മംഗളശ്ളോകം രചിച്ചതും സംഗീതം നൽകിയതും തമ്പിസാറായിരുന്നു. അങ്ങനെയാണ് കെ.പി.എ.സിയിലേക്ക് പാടാൻ വിളിക്കുന്നത്. അമ്മ ആദ്യം സമ്മതിച്ചില്ല, പിന്നെ പഠിത്തം പോകില്ലെന്ന അവരുടെ ഉറപ്പിലാണ് എന്നെ വിട്ടത്. വയലാർ, സമിതിയിൽ വന്ന് പാട്ടെഴുതുമ്പോൾ ഞങ്ങൾ ഒളിച്ചിരുന്നത് നോക്കിയതൊക്കെ ഇന്നും ഓർമ്മയിലുണ്ട്.
മറക്കാത്ത മദ്രാസ് കാലം
1968 ലാണ് ഞാനും അമ്മയും മദ്രാസിലെത്തിയത്. എന്റെ അച്ഛന്റെ സഹോദരിയാണ് പ്രേംനസീറിന്റെ ആദ്യകാല നായിക കുമാരി തങ്കം. അവരുടെ വീട്ടിലായിരുന്നു താമസം. അപ്പച്ചിയെ വിവാഹം ചെയ്തത് ലളിത പത്മിനി രാഗിണിമാരുടെ വല്യമ്മയുടെ മകനായ പി.കെ. സത്യപാലായിരുന്നു. അദ്ദേഹം സിനിമാനിർമ്മാതാവായിരുന്നു. 'വിരുതൻ ശങ്കു" എന്ന സിനിമ അവരെടുത്തപ്പോൾ നായികയായി എന്നെ വിളിച്ചു. അന്നെനിക്ക് പതിനാറ്, പതിനേഴ് വയസുണ്ടാകും. എനിക്ക് താത്പര്യമില്ലായിരുന്നു, പക്ഷേ, അമ്മ നിർബന്ധിച്ചു. നായിക എന്നു കേട്ടപ്പോൾ നസീറാണ് നായകൻ എന്നാണ് ഞാൻ വിചാരിച്ചത്. അടൂർ ഭാസിയാണെന്നറിഞ്ഞപ്പോൾ ഇല്ലെന്ന് ഞാൻ പറഞ്ഞു, ഒന്നാമത് എനിക്ക് തമാശ പറയാൻ അറിയില്ല, രണ്ടാമത് ഭാസി ചേട്ടന് വളരെ പ്രായമുണ്ടെന്ന് എനിക്ക് തോന്നി. അപ്പച്ചിയുടെ വീട്ടിലെത്തുമ്പോൾ മുറുക്കി നടന്നിരുന്ന ഭാസി ചേട്ടനെ ഞാൻ കണ്ടിട്ടുമുണ്ട്. ഒടുവിൽ എന്റെ കരച്ചിലിൽ ആ വേഷം മാറിപ്പോയി. ആദ്യപടം 'ഭാര്യമാർ സൂക്ഷിക്കുക" ആണ്. നസീർ സാറിനെയും ഷീലയേയും കാണാനായി സ്റ്റുഡിയോയിൽ പോയപ്പോൾ കൂട്ടത്തിൽ ഒരാളായി ഒരു സീൻ. പാട്ടായിരുന്നു അപ്പോഴും മനസിൽ. സിനിമ വേണോ, വേണ്ടയോ എന്നറിയാത്ത അവസ്ഥ. വേണ്ടെന്ന് തന്നെ തീരുമാനിച്ചു. ആ സമയത്ത് എം. കൃഷ്ണൻ നായർ സാറിന്റെ ഒരു സിനിമ വന്നു, നായകൻ അടൂർ ഭാസി. അങ്ങനെ മനസില്ലാതെ അഭിനയിച്ചു. ആ സിനിമ ചെയ്തു നിറുത്താമെന്ന് വിചാരിച്ചു. പക്ഷേ, അതിനുശേഷം തുടരെ തുടരെ സിനിമ വന്നു. സത്യൻ സാറിന്റെ കൂടെ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ഇപ്പോൾ ആലോചിക്കുമ്പോൾ കൗതുകമാണ്, തമാശ പറയാൻ അറിയാത്ത ഞാൻ കോമഡി ആർട്ടിസ്റ്റായി. ആ അഭിനയം 1980 ൽ വിവാഹം വരെ നീണ്ടു. അഭിനയിച്ച ഇരുന്നൂറോളം ചിത്രങ്ങളിലെ തമാശറോളുകൾ മടുപ്പിച്ചിരുന്നു. സീരിയസ് റോളുകൾ തരുമോ എന്ന് ചോദിച്ചെങ്കിലും ആരും തന്നില്ല. ഇതാ ഇവിടെ വരെ, തകര എന്നീ ചിത്രങ്ങളിൽ പതിവുറോളല്ലായിരുന്നു. കോമഡി മോശമാണെന്ന് ഞാൻ പറയില്ല. നസീർ- ജയഭാരതി-ഷീല , ഭാസി -ശ്രീലത എന്ന സമവാക്യമായിരുന്നു അന്ന്. ഭാസിച്ചേട്ടൻ പക്ഷേ, പറയും, നായികയാണെങ്കിൽ അഞ്ചോ ആറോ ചിത്രങ്ങൾ പൊട്ടിപ്പോയാൽ വീട്ടിലിരിക്കേണ്ടി വരും, തമാശ ചെയ്താൽ അങ്ങനെയുണ്ടാകില്ലെന്ന്. അത് സത്യവുമായിരുന്നു. തമിഴിൽ നിന്നും കുറേ വിളി വന്നെങ്കിലും ഒരൊറ്റ സിനിമയിലേ അഭിനയിച്ചുള്ളൂ. ഒരു വർഷം 30 മലയാളം ചിത്രത്തിലഭിനയിക്കുമ്പോൾ എവിടെയാണ് സമയം? ചെന്നൈയിലായിരിക്കുമ്പോൾ തമിഴ് പഠിച്ചിരുന്നു. 1975 ൽ പാട്ടിൽ ഞാൻ അരങ്ങേറ്റം നടത്തി. ദക്ഷിണാമൂർത്തി സ്വാമിയുടെ ശിഷ്യയായി നാലുവർഷം പഠിച്ചത് മറ്റൊരു മഹാഭാഗ്യം.
കൂടെ നിന്ന പ്രിയപാതി
വിവാഹം അന്ന് കുറച്ച് കോലാഹലമുണ്ടാക്കി. അദ്ദേഹം തിരുവനന്തപുരം ആയുർവേദ കോളേജിൽ പഠിക്കുമ്പോൾ മെരിലാന്റ് സുബ്രഹ്മണ്യവുമായി അടുപ്പമുണ്ടായിരുന്നു. അങ്ങനെ ചില സിനിമകളിൽ അഭിനയിച്ചു. 'പാപത്തിന് മരണമില്ല" എന്ന ചിത്രത്തിൽ ഞങ്ങൾ ഒന്നിച്ചഭിനയിച്ചു. ഞാൻ നമ്പൂതിരി സ്ത്രീയും അദ്ദേഹം നായരുമായി ജീവിതത്തിന്റെ നേരെ വിപരീത റോളുകളായിരുന്നു അതിൽ. ആയിടയ്ക്ക് തമ്പാനൂർ അയ്യപ്പക്ഷേത്രത്തിൽ എന്റെ കച്ചേരി നടന്നു. അദ്ദേഹം അതുകേൾക്കാൻ വന്നു. നമുക്ക് വിവാഹം ചെയ്താലെന്താണെന്ന് ഒരു ദിവസം ചോദിച്ചു, താത്പര്യമില്ലെന്നായിരുന്നു എന്റെ മറുപടി. അദ്ദേഹത്തിന്റെ നാലു അമ്മാവൻമാർ ഗുരുവായൂരിലെ മേൽശാന്തിമാരൊക്കെയായിരുന്നു. അവരുടെ വീട്ടിൽ എന്തായാലും എതിർപ്പുണ്ടാകും. എന്നാൽ കാലക്രമണേ എന്റെ വിസമ്മതം മാറി. അങ്ങനെ വിവാഹിതരാകാനും അഭിനയം നിറുത്താനും തീരുമാനിച്ചു. പുള്ളി സ്വന്തം നാടായ കുന്നംകുളത്ത് പ്രാക്ടീസ് തുടങ്ങി. ആദ്യത്തെ എതിർപ്പൊക്കെ മോൻ ജനിച്ചതോടെ മാറി. അവിടെ ആയുർവേദ ഫാക്ടറി ഉണ്ടായിരുന്നു. പതിയെ ഞാൻ അതെല്ലാം പഠിച്ചു, നല്ലൊരു കുടുംബ ജീവിതമാണ് ദൈവം തന്നത്. അത് നഷ്ടപ്പെടുത്താൻ ആഗ്രഹിച്ചില്ല. സിനിമയിൽ നിന്ന് അങ്ങനെ പിന്മാറി. പക്ഷേ സിനിമ വീണ്ടും വിളിച്ചു. വേണ്ടെന്ന് പറയാൻ ഒട്ടും മടിച്ചില്ല. ഡോക്ടർക്ക് അസുഖം വന്നപ്പോഴാണ് ഞങ്ങൾ തിരുവനന്തപുരത്ത് താമസമാക്കിയത്. അദ്ദേഹത്തിന്റെ സൗഹൃദങ്ങളൊക്കെ ഇവിടെയായിരുന്നു. അങ്ങനെ ഇവിടെ പ്രാക്ടീസ് തുടങ്ങി. കുടുംബത്തിൽ നിന്നുള്ള എതിർപ്പൊക്കെ ചങ്കൂറ്റത്തോടെ നേരിട്ടയാളാണ്. അവരുടെ ആചാരപ്രകാരം മരണാനന്തരം മകൻ കർമ്മം ചെയ്യണമെങ്കിൽ അമ്മയും നമ്പൂതിരിയാകണം. അങ്ങനെ എന്നെയും നമ്പൂതിരിയാക്കി. അതിൽ കുറേ എതിർപ്പുയർന്നെങ്കിലും അദ്ദേഹം ധൈര്യത്തോടെ നിന്നു. വലിയൊരു ഭക്തനായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ തീപ്പിടിത്തമുണ്ടായപ്പോൾ പ്രീഡിഗ്രി ആലുവ യു.സി കോളേജിൽ പഠിക്കുകയായിരുന്നു അദ്ദേഹം. അവിടെ നിന്ന് ബസ് കയറി വെളുപ്പിന് നിർമ്മാല്യം തൊഴാനെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. ഒന്നും നോക്കാതെ ക്ഷേത്രത്തിലേക്ക് ഓടിക്കയറി വിഗ്രഹവുമായിപുറത്തെത്തി മേൽശാന്തിയെ ഏൽപ്പിക്കുകയായിരുന്നു എന്നു കേട്ടിട്ടുണ്ട്. ആ ഒരാളെ ജീവിതത്തിൽ തുണയായി കിട്ടിയത് തന്നെ കോടിപുണ്യമല്ലേ...
സൗഹൃദങ്ങളായിരുന്നു അന്ന് സമ്പാദ്യം
സിനിമയിൽ നാട്ടുകാരിയായ മീന ചേച്ചിയോടായിരുന്നു ഏറെ അടുപ്പം. പിന്നെ പൊന്നമ്മ ചേച്ചി, കെ.പി.എ.സി ലളിത, ടി.ആർ. ഓമന. ഷീല ഇടയ്ക്ക് വിളിക്കും. സ്വഭാവത്തിൽ പ്രേംനസീറിനുശേഷം ആര് എന്നു പറഞ്ഞാൽ ചൂണ്ടിക്കാട്ടാനുള്ളത് ജയനാണ്. ഞങ്ങളുടെ അന്നത്തെ മാതൃക നസീർ സാറായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് അർഹിക്കുന്ന ആദരവ് നൽകാൻ നമ്മുടെ നാടിനോ, സർക്കാരിനോ ഇതുവരെ സാധിച്ചിട്ടില്ല. തമിഴ്നാട്ടിലോ മറ്റോ ആയിരുന്നെങ്കിൽ പൊന്നുപോലെ ആ ഓർമ്മകളെ കൊണ്ടു നടന്നേനെ. അന്നൊക്കെ ആകെ അമ്പതുപേരൊക്കെയല്ലേ സിനിമയിൽ അഭിനയിക്കുന്നുള്ളൂ. എന്നും കണ്ടു കണ്ട് വലിയ ആത്മബന്ധമായിരുന്നു പരസ്പരം. ഇന്നതല്ല, അമ്മ യോഗത്തിലാണ് എല്ലാവരെയും കാണുന്നത്. പിന്നെ ന്യൂജനറേഷൻ സിനിമകളിൽ അച്ഛനും അമ്മയും ആവശ്യമില്ലല്ലോ. ഒരു സീനിലൊക്കെ അഭിനയിക്കാൻ നമ്മളെ വിളിക്കാൻ ചിലപ്പോൾ മടിയായിരിക്കും. സിനിമ ശ്രദ്ധിച്ചാലറിയാം, ആണുങ്ങളാണ് കൂടുതൽ, സീരിയലിൽ പെണ്ണുങ്ങളും. നായികമാർക്ക് പോലും അധികം ചെയ്യാനില്ല. വർത്തമാനകാലം, അമ്പിളി എന്നീ ചിത്രങ്ങളിലാണ് ഒടുവിൽ അഭിനയിച്ചത്.
നിയോഗമായി വന്ന രണ്ടാമൂഴം
2005 ലാണ് അദ്ദേഹം എന്നെ വിട്ടുപോയത്. ആ വിയോഗം വല്ലാത്ത വേദനയായിരുന്നു. അങ്ങനെ നെയ്യാറ്റിൻകര വാസുദേവൻ സാറിന്റെയടുത്ത് വീണ്ടും സംഗീതം പഠിക്കാൻ തുടങ്ങി. ഏഷ്യാനെറ്റിലെ ദേവഗീതം എന്ന ഭക്തിഗാനപരിപാടിയിൽ പാടിയതാണ് തിരിച്ചുവരവിന് കാരണമായത്. മോഹൻലാലും അമ്മയുമെല്ലാം ആ പരിപാടി കണ്ട് വിളിച്ചപ്പോഴും പറഞ്ഞത് പാട്ട് തുടരാനാണ്. പിന്നെ എം.ജി. ശ്രീകുമാറും പിന്തുണ നൽകി. പാട്ടൊക്കെ മറന്നുതുടങ്ങിയെങ്കിലും എവിടെയോ കുറച്ച് ബാക്കിയുണ്ടായിരുന്നു. ഒരു വർഷമെടുത്തു ശബ്ദം എന്റെ വഴിയിലേക്ക് വരാൻ. ഇപ്പോൾ ക്ഷേത്രങ്ങളിൽ സംഗീത കച്ചേരി അവതരിപ്പിക്കുന്നുണ്ട്. കെ. മധുവിന്റെ 'പതാക" എന്ന സിനിമയിലൂടെ വീണ്ടും അഭിനയിച്ചു. പിന്നെ സീരിയലുകൾ വന്നു, കുറച്ച് സിനിമകൾ ചെയ്തു. സത്യൻ അന്തിക്കാടിന്റെ 'വിനോദയാത്ര" യിലെ മെക്കാനിക്കിന്റെ കഥാപാത്രം പ്രിയപ്പെട്ടതാണ്. ആ വേഷത്തിനുവേണ്ടി ഡ്രൈവിംഗ് പഠിച്ചു. മാരുതി പഠിച്ച ഞാൻ സെറ്റിലെത്തിയപ്പോൾ കിട്ടിയത് ജീപ്പ്. രണ്ടും കൽപ്പിച്ച് എടുത്തു. ഇപ്പോൾ യൂട്യൂബ് നോക്കിയുള്ള പാചകപരീക്ഷണങ്ങളിലാണ് ഹരം.
അനുഭവങ്ങൾ പറഞ്ഞു തന്നത്
ഞാൻ ഇപ്പോൾ ആർക്കും കടം കൊടുക്കാറില്ല. അങ്ങനെ നൽകിയവർ തിരിച്ചു തന്നിട്ടുമില്ല. കുറേ അനുഭവങ്ങളുണ്ട്. നമ്മൾ പണം നൽകുമ്പോൾ അത് തിരിച്ചു തരേണ്ടതാണെന്ന തോന്നൽ വാങ്ങുന്നവർക്കുണ്ടാകണം. സിനിമയിൽ അങ്ങനെ ഒരു മനോഭാവമില്ല. പണ്ടേ കണക്കു പറഞ്ഞ് കാശുവാങ്ങാൻ അറിയില്ല. മോശമല്ലേ എന്നാണ് ധാരണ. തരാമെന്ന് പറഞ്ഞതു പോലും കിട്ടാത്തതുമുണ്ട്. ചോദിച്ചാലേ ഉള്ളൂ എന്ന് തിരിച്ചറിഞ്ഞത് പിന്നെയാണ്. ആർക്കെങ്കിലും എന്തെങ്കിലും സഹായം ചെയ്യണമെങ്കിൽ ചെയ്യും. ആരും തിരിച്ചു തരേണ്ട, എന്നോട് കടപ്പാടുണ്ടാകുകയും വേണ്ട. മനസിൽ എപ്പോഴും ഈശ്വരനോടുള്ള പ്രാർത്ഥനയുണ്ട്. ജീവിതത്തിൽ വലിയ വലിയ ആഗ്രഹങ്ങളൊന്നുമില്ല. ആരെയും ദ്റോഹിക്കാതെ, ജീവിച്ച് പോകണം. അസുഖം വന്നു കിടത്തരുത് എന്നാണ് പ്രാർത്ഥന. പുനലൂർ ഗാന്ധിഭവനിലാണ് പിറന്നാൾ. ആരുമില്ലാത്ത ആ അമ്മമാർക്കൊപ്പം ഒന്നിച്ച് ഭക്ഷണം കഴിക്കും. ഒരു നിമിഷം മതി ജീവിതം മാറിമറിയാൻ. ആ ചിന്ത എപ്പോഴും മനസിലുണ്ടാവണം. എന്നെ മനസിലാക്കുന്ന, കൂടെ നിൽക്കുന്ന കുടുംബമാണ് എന്റെ സമ്പാദ്യം. രണ്ടുമക്കളാണ്, മൂത്തയാൾ വിശാഖ് ഫിസിയോതെറാപ്പിസ്റ്റാണ്, ഗംഗയാണ് മകൾ, മരുമകൾ ഐശ്വര്യ ഇവിടെ ജി ജി ഹോസ്പിറ്റലിൽ ഡോക്ടറാണ്. രണ്ടുവയസുകാരി പ്രിയദത്തയാണ് കൊച്ചുമകൾ, എന്റെ ഭർതൃമാതാവിന്റെ പേരാണ് അവൾക്കിട്ടത്.