എല്ലാം തന്നത് സിനിമയാണ്: നൃത്തമെന്ന തപസിനെക്കുറിച്ച് മനസ് തുറന്ന് വിനീത്
അഭിനേതാവായും നർത്തകനായും മലയാളികളുടെ ഇഷ്ടം നേടിയ നടനാണ് വിനീത്. പ്രതീക്ഷിക്കാത്ത സമയത്ത് സിനിമയിലെത്തി ഒരുപിടി ചിത്രങ്ങളുടെ ഭാഗമായി. അതിലേറെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രങ്ങളും. 35 വർഷം പിന്നിടുന്ന ആ സിനിമാജീവിതത്തെ കുറിച്ച് വിനീത് മനസ് തുറക്കുന്നു.
അർഹിക്കുന്ന അംഗീകാരം
1985-ൽ 'ഇടനിലങ്ങൾ" എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് വന്നത്. 120 ലധികം സിനിമയിൽ അഭിനയിച്ചു. കഴിവു കൊണ്ട് മാത്രം സിനിമയിൽ തിളങ്ങാൻ കഴിയുമെന്ന് കരുതുന്നില്ല. ഭാഗ്യം കൂടി വേണം. ഭാഗ്യം കൊണ്ടു മാത്രം സിനിമയിൽ വിജയിക്കുന്ന നടന്മാരുണ്ട്. വേണ്ടത്ര കഴിവോ കഠിനാദ്ധ്വാനമോയില്ലാതെ ഒരുപാട് ഉയരങ്ങളിൽ ചിലർ എത്താറുണ്ട്. അതാണ് സിനിമ. ഇതുവരെ ലഭിച്ച കഥാപാത്രങ്ങളെല്ലാം അനുഗ്രഹമായി കാണുന്നു. അങ്ങനെ നോക്കുമ്പോൾ അർഹിക്കുന്ന അംഗീകാരം ലഭിച്ചെന്ന് പറയാം. സിനിമയുടെ എണ്ണത്തിനപ്പുറം അവയുടെ നിലവാരത്തിലാണ് ഞാൻ വിശ്വസിക്കുന്നത്.
ഋഷ്യശൃംഗനും രാമനാഥനും
ഒൻപതാം ക്ളാസിൽ പഠിക്കുമ്പോഴാണ് ഭരതേട്ടന്റെ വൈശാലി സിനിമയുടെ സ്ക്രീൻ ടെസ്റ്റിൽ പങ്കെടുക്കുന്നത്. ഞാനും എന്റെ ബന്ധുവും കൂടി ചെന്നൈയിൽ ഭരതേട്ടന്റെ വീട്ടിൽ പോയാണ് കഥ കേട്ടത്. ഒരു പുതുമുഖം എന്നതിലുപരി തന്റെ കഥാപാത്രമായാണ് അന്ന് ഭരതേട്ടൻ എന്നോട് പെരുമാറിയത്. എം.ടി സാറിന്റെ തിരക്കഥ മുഴുവൻ ഭരതേട്ടൻ വിശദമായി വായിച്ചു കേൾപ്പിച്ചത് ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്. വീടിനോടു ചേർന്ന് ഭരതേട്ടന് ഒരു ഫാം ഹൗസുണ്ട്. ജലാശയമൊക്കെയുള്ള മനോഹരമായ പ്രദേശം. ആ ജലാശയത്തിൽ ചാടി ഭരതേട്ടൻ വെള്ളം തെറിപ്പിക്കുകയും എടുക്കാൻ ഉദ്ദേശിക്കുന്ന ഷോട്സ് വിശദീകരിക്കുകയും ചെയ്തു. മാനിന് പകരം പശുക്കുട്ടിയെ അടുത്ത് നിറുത്തി കുറെ ഫോട്ടോ എടുത്തു. ഋഷ്യശൃംഗൻ എന്ന കഥാപത്രമായി എന്നെ തീരുമാനിച്ചതായി അപ്പോൾ ഭരതേട്ടൻ പറഞ്ഞു. എന്നാൽ പിന്നീട് എന്തുകൊണ്ടോ ആ പ്രോജക്ട് നടന്നില്ല. അതിനുശേഷം 1988 ലാണ് വൈശാലി വീണ്ടും സംഭവിക്കുന്നത്. അപ്പോൾ ഞാൻ മലയാളത്തിൽ അറിയപ്പെടുന്ന നടനായി. എന്നിട്ടും ഭരതേട്ടൻ എന്നെ ക്ഷണിച്ചു. എന്നാൽ ഇടനാഴിയിൽ ഒരു കാലൊച്ച തമിഴിൽ ചെയ്യാൻ നാല്പതു ദിവസത്തെ ഡേറ്റ് ഭദ്രൻ സാർ നേരത്തേ വാങ്ങിയിരുന്നു. അതിനാൽ വൈശാലി ചെയ്യാൻ കഴിഞ്ഞില്ല. മണിച്ചിത്രത്താഴിലെ രാമനാഥന്റെ വേഷം ചെയ്യാൻ ഫാസിൽ സാറും വിളിച്ചതാണ്. പരിണയത്തിന്റെ തിരക്കിലായതുകൊണ്ടു പോകാൻ കഴിഞ്ഞില്ല. എന്നാൽ മണിച്ചിത്രത്താഴിന്റെ തമിഴ്, ഹിന്ദി റീമേക്കുകളിൽ രാമനാഥന്റെ വേഷം ചെയ്യാൻ ഭാഗ്യം ലഭിച്ചു.
നൃത്തവും അഭിനയവും
ഹരിഹരൻ സാറാണ് എന്നെ അഭിനയം പഠിപ്പിച്ചത്. ഹരിഹരൻ സാറിന്റെ എട്ട് ചിത്രങ്ങളിൽ അഭിനയിച്ചു. നഖക്ഷതങ്ങളിൽ അഭിനയിക്കുമ്പോൾ ഞാനും മോനിഷയും രണ്ടു മരക്കഷണങ്ങളെ പോലെയായിരുന്നു. അത് കൊത്തി മിനുക്കി ശില്പമാക്കിയത് ഹരിഹരൻ സാറാണ്. ഫാസിൽ സാറും ഭരതേട്ടനും പദ്മരാജൻ സാറും കമൽ സാറും അരവിന്ദൻ സാറും എന്നിലെ നടനെ കൂടുതൽ മികച്ച രീതിയിൽ പരുവപ്പെടുത്തിയെടുത്തു. ഇവരുടെയെല്ലാം കരിയർ ബെസ്റ്റ് ചിത്രങ്ങളായിരുന്നു അതെല്ലാം. എന്റെ സ്കൂൾ, കോളേജ് കാലഘട്ടത്തിലാണ് അത്തരം കഥാപാത്രങ്ങളെല്ലാം എത്തിയത്. നൃത്തവും അഭിനവും ഒന്നിച്ചു കൊണ്ടുപോവാൻ ശ്രമിക്കാറുണ്ട് . സിനിമയിൽ എന്റെ താരമൂല്യം വളർത്താൻ ശ്രമിച്ചിട്ടില്ല. എന്നെ തേടി വരുന്ന വേഷങ്ങൾ ചെയ്യുന്നു എന്നതിനപ്പുറം മറ്റൊന്നിലും ശ്രദ്ധിക്കാറില്ല.
ആ സ്വപ്നഭൂമികയിൽ
ഏത് മേഖലയായാലും നല്ലതും ചീത്തയും ഉണ്ടാവാം. നമ്മൾ ഏതിനെ തിരഞ്ഞെടുക്കുന്നു എന്നതിലാണ് കാര്യം. ചിലപ്പോൾ ചില മോശം കാര്യങ്ങളിൽ നമ്മൾ പെട്ടുപോകും. കഴിയുന്നത്ര സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. ഒരു സിനിമയുടെ മൊത്തം സെറ്റ് അപ്പ് കേൾക്കുമ്പോൾ തന്നെ നമുക്ക് അതിലെ ഗുണവും ദോഷവും തിരിച്ചറിയാൻ കഴിയും. പതിമൂന്നാം വയസിൽ സിനിമയിൽ വന്ന ആളാണ് ഞാൻ. എന്റെ അഭിപ്രായത്തിൽ മനോഹരമായ സ്വപ്നഭൂമികയാണ് സിനിമ. പരസ്പര ബഹുമാനത്തോടെ അകലം പാലിക്കേണ്ടവരിൽ നിന്ന് അകലം പാലിച്ചും അവരവരുടെ ജോലിയിൽ ശ്രദ്ധിച്ചും മുന്നോട്ടു പോവുക.
നൃത്യഗൃഹം എന്ന സ്വപ്നം
എന്റെ സ്വപ്നം കൊച്ചിയിൽ യാഥാർത്ഥ്യമായി. നൃത്യഗൃഹം എന്നാണ് പേര്. ജീവിതത്തിലെ പുതിയ ചുവടുവയ്പാണിത്. നൃത്യ പ്രവേശിക, നൃത്യ വിശാരദ, നൃത്യ ഉന്മേഷ എന്നിങ്ങനെ മൂന്നു കോഴ്സുകളാണ് അവിടെ പഠിപ്പിക്കുന്നത്. നൃത്തത്തിലെ ബാലപാഠം അഭ്യസിക്കുന്നവർക്കു വേണ്ടിയാണ് നൃത്യ പ്രവേശിക എന്ന അഞ്ചുവർഷത്തെ കോഴ്സ്. ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്കുള്ള തുടർപഠനമാണ് നൃത്യ വിശാരദ. നാലുവർഷം നീണ്ട കോഴ്സിൽ പ്രത്യേക ഇനങ്ങളിൽ പരിശീലനം നൽകും. ക്ലാസിക്കൽ, സെമിക്ലാസിക്കൽ നൃത്ത പരിശീലനം മുടങ്ങിയവർക്കുവേണ്ടിയാണ് നൃത്യ ഉന്മേഷ. കലാമണ്ഡലത്തിലെ അദ്ധ്യാപകർ മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകനായി ഞാനുമുണ്ടാവും. വർഷങ്ങളായി ചെന്നൈയിലാണ്. പൂർണമായും ചെന്നൈ നഗരത്തിന്റെ ഭാഗമായി മാറി.
ഭാര്യ പ്രിസില മേനോൻ. പ്രിസില നൃത്തം പഠിച്ചിട്ടുണ്ട്. മകൾ അവന്തിക എട്ടാം ക്ലാസിൽ പഠിക്കുന്നു. മകളും എന്നെപ്പോലെ ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. ഡോ.പദ്മ സുബ്രഹ്മണ്യം തന്നെയാണ് മകളുടെയും ഗുരു.