ഞാൻ തൃപ്‌തനാണ്, പക്ഷേ പഠിച്ച പാഠങ്ങൾ അനവധി

Sunday 09 December 2018 9:00 AM IST

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ഡിസംബർ 14ന് ഒടിയൻ എത്തുകയാണ്. 200 ദിവസത്തോളം നീണ്ട ഷൂട്ടിംഗ് ശ്രീകുമാർ മേനോൻ എന്ന സംവിധായകനെ പഠിപ്പിച്ച പാഠങ്ങൾ നിരവധിയാണ്. ആ അനുഭവങ്ങൾ കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്‌ക്കുകയാണ് അദ്ദേഹം, ഒപ്പം വായനക്കാർ ചോദിക്കാൻ ആഗ്രഹിച്ച ചില ചോദ്യങ്ങൾക്കുള്ള ഉത്തരവും.

1. ഒടിയന്റെ വരവിനായി കാത്തിരിക്കെ ആരാധകരെ ഞെട്ടിച്ചുകൊണ്ടെത്തിയ വാർത്തയാണ് എസ്‌കലേറ്ററിൽ നിന്ന് വീണ് ശ്രീകുമാർ മേനോന് ഗുരുതര പരിക്കെന്ന്. എന്താണ് ആ വാർത്തയുടെ സത്യാവസ്ഥ?

വീണു എന്നത് സത്യം തന്നെയാണ്. ബോംബെ എയർപോർട്ടിൽ വച്ച് എസ്‌കലേറ്ററിൽ നിന്നുതന്നെയാണ് വീണത്. ഒടിയന്റെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുമായി ബന്ധപ്പെട്ട് കൊച്ചിയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് വീഴ്‌ച സംഭവിച്ചത്. താടി എല്ലിന് മൂന്ന് പൊട്ടലുണ്ടായി. ഒന്നിന് പിറകെ ഒന്നായി മൂന്ന് സർജറിയും നടത്തേണ്ടി വന്നു.

2. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അഭിമുഖീകരിക്കേണ്ടി വന്ന ചില വിഷമതകളാണോ ഇന്നു കാണുന്ന രീതിയിൽ എന്തും നേരിടാൻ കെൽപ്പുള്ളവിധം ശ്രീകുമാർ മേനോനെ പാകപ്പെടുത്തിയത്?

തീർച്ചയായും മോശമായ അനുഭവങ്ങളാണ് ജീവിതത്തിൽ നമ്മളെ കരുത്തരാക്കുന്നത്. അത്തരം അനുഭവങ്ങളിൽ നിന്ന് ഞാൻ പഠിച്ച പാഠം തന്നെയാണ് ശിഷ്‌ടകാലത്തെ എന്റെ ജീവിതത്തിന് കരുത്ത് പകരുന്നത്. ഒരുപക്ഷേ ജീവിച്ചു കാണിക്കണമെന്നുള്ള ആഗ്രഹം കൊണ്ടുതന്നെയാകാം ചില വെല്ലുവിളികളെ നേരിടാൻ ധൈര്യം ലഭിച്ചതും.

3. താങ്കൾ ഒരു ഈശ്വരവിശ്വാസിയാണെന്നറിയാം അതുകൊണ്ടുതന്നെ ചോദിക്കട്ടെ, ശബരിമല യുവതീപ്രവേശന വിഷയത്തിൽ ആരുടെ ഭാഗത്താണ് ശ്രീകുമാർ മേനോൻ?

തീർച്ചയായും ഞാനൊരു തികഞ്ഞ ഈശ്വരവിശ്വാസി തന്നെയാണ്. ഈശ്വരാംശമില്ലാത്ത ഒന്നും തന്നെ നമുക്ക് ചുറ്റിലുമില്ല, ഉള്ളിലുമില്ല എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. എന്റെ പ്രവർത്തികൾക്ക് ഊർജമേകാനുള്ള കരുത്തായിട്ടാണ് ഞാൻ ഈശ്വരനെ കാണുന്നത്.

ഇനി ശബരിമല വിഷയത്തിൽ, ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പമാണ് എന്റെ മനസ്. നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന ആചാരങ്ങളെ ചോദ്യം ചെയ്‌തിട്ട് നമുക്കെന്തു കിട്ടാനാണ്. 28 തവണ മല ചവിട്ടിയിട്ടുള്ള ആളാണ് ഞാൻ. സാധാരണ ഒരു ക്ഷേത്രത്തിൽ പോകുന്നത് പോലെയല്ല ശബരിമലയിൽ ഭക്തർ പോകുന്നത്. അതിന് അതിന്റെതായ ചിട്ടവട്ടങ്ങളുണ്ട്. അങ്ങനെ നിലനിന്നുവരുന്ന ആചാരാങ്ങളെ തകർത്തെറിഞ്ഞുകൊണ്ട് ആർക്ക് എന്താണ് തെളിയിക്കാനുള്ളത്.

പത്ത് സ്ത്രീകൾ തങ്ങൾക്ക് ശബരിമലയിൽ പോകണമെന്നു പറയുമ്പോൾ മറുപക്ഷത്ത് ഭൂരിഭാഗം പറയുന്നത് ഞങ്ങൾക്ക് പോകണ്ട എന്നാണ്. ആ ഭൂരിഭാഗത്തെയാണ് ഞാൻ മാനിക്കുന്നത്.

4. പരസ്യചിത്രസംവിധാനത്തിൽ വിജയക്കൊടി പാറിച്ചയാളാണ് താങ്കൾ. എന്നിട്ടും മുഖ്യധാരാ സിനിമയിലേക്ക് തിരിയാൻ അൽപം താമസിച്ചു പോയോ?

അങ്ങനെ കരുതാനാകില്ല. ഒരിക്കലും ഒരു പരസ്യ സംവിധായകനാകുമെന്നു പോലും കരുതിയ ആളല്ല ഞാൻ. സി.എയ്‌ക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്. പിന്നെ ഇതൊക്കെ ഒരു യാത്രയ്‌ക്കിടയിൽ സംഭവിക്കുന്ന ചില വളവുതിരിവുകളായാണ് ഞാൻ കാണുന്നത്.

ഒരിക്കലും പരസ്യം മടുത്തിട്ടല്ല സിനിമ ചെയ്യാം എന്നു കരുതിയത്. പരസ്യം വളരെ ആസ്വദിച്ചു തന്നെയാണ് എപ്പോഴും ചെയ്യാറുള്ളത്. ഒരു സിനിമ എടുത്തുകളയാം എന്നു കരുതി സിനിമാ മേഖലയിലേക്ക് കടന്നതല്ല. ശരിക്കും ഒരു ഉൾവിളി എന്നുതന്നെ കരുതാം സിനിമാ പ്രവേശത്തെ.

5. ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനിച്ച രണ്ട് വ്യക്തികളാണ് മോഹൻലാലും അമിതാഭ് ബച്ചനുമെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്തായിരുന്നു ശ്രീകുമാർ മേനോനിൽ ഇവർ ചെലുത്തിയ സ്വാധീനം?

ലാലേട്ടനെ കുറിച്ച് പറയുകയാണെങ്കിൽ മോഹൻലാൽ എന്ന താരമല്ല വ്യക്തിയാണ് എന്നെ സ്വാധീനിച്ചത്. ഞാൻ കണ്ട മോഹൻലാലിന്റെ ജീവിതത്തിൽ ഒരുപാട് നന്മകളുണ്ട്. അദ്ദേഹവുമായി അടുത്തിടപഴകാൻ സാധിച്ചിട്ടുള്ളയാൾക്കെ അത് മനസിലാവുകയുള്ളു. മോഹൻലാൽ ഇതുവരെ ആരെയും കുറ്റം പറയുന്നത് ഞാൻ കേട്ടിട്ടില്ല. തനിക്ക് നേരെയുള്ള വിമർശനങ്ങൾ പോലും ലാലേട്ടനെ സ്പർശിക്കാറേയില്ല.

ബച്ചൻ സാറിനെ പറ്റി പറയുമ്പോൾ, ഒഴിവുകഴിവുകൾ പറയാത്തയാൾ, നമ്മൾ പറയുന്ന കാര്യങ്ങൾ പൂർണമായും അംഗീകരിക്കുന്നയാൾ, അഭിപ്രായ വ്യത്യാസങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ മുന്നേ പ്രകടിപ്പിക്കുന്നയാൾ, ആ അഭിപ്രായങ്ങൾ സമന്വയിക്കപ്പെടുമ്പോൾ ഒരിക്കലും ചോദ്യം ചെയ്യാത്തയാൾ ഇതൊക്കെയാണ് അമിതാഭ് ബച്ചൻ. അതുകൊണ്ടു തന്നെ ഇവരെ രണ്ടു പേരെയും ആരാധനയോടെ നോക്കിനിൽക്കുകയല്ല, അവരിൽ നിന്ന് ചിലതൊക്കെ പഠിക്കുകയായിരുന്നു ഞാൻ.

6. ആദ്യത്തെ തിരക്കഥയ്‌ക്ക് തന്നെ ദേശീയ പുരസ്‌കാരം തേടിയെത്തിയ ആളാണ് ഒടിയന്റെ തിരക്കഥകൃത്ത് ഹരികൃഷ്‌ണൻ. അദ്ദേഹവുമായുള്ള ഒരു കെമിസ്‌ട്രി?

ഹരിച്ചേട്ടൻ എന്റെ നാട്ടുകാരൻ തന്നെയാണ്. ഒരു ചെറിയ സിനിയിൽ നിന്നുമാരംഭിച്ച ചർച്ചയിൽ നിന്നാണ് ഇന്ന് കാണുന്ന ഒടിയൻ എന്ന ബിഗ് ബഡ്‌ജറ്റ് ചിത്രത്തിന്റെ പിറവി. അദ്ദേഹം ആദ്യം എഴുതി കാണിച്ച ഒരു സീനിൽ തന്നെ ഒടിയൻ എന്ന മനോഹര ചിത്രം നിറഞ്ഞു നിന്നിരുന്നു. ഞങ്ങൾ ഇരുവരും ഒന്നിച്ചു കണ്ട സ്വപ്‌നം തന്നെയാണ് ഒടിയൻ എന്നുപറയാം. കുട്ടിസ്രാങ്ക് പോലുള്ള ചിത്രങ്ങൾ എഴുതിയ ക്ളാസിക് സ്ക്രിപ്‌റ്റ് റൈറ്ററിൽ നിന്നും മാസ് സ്ക്രിപ്‌റ്റ് റൈറ്ററിലേക്കുള്ള ഹരികൃഷ്‌ണന്റെ യാത്ര തുടങ്ങുന്നത് ഒടിയനിൽ നിന്നായിരിക്കുമെന്നതിൽ സംശയമൊന്നുമില്ല.

7. 25 വർഷങ്ങൾക്ക് ശേഷമാണ് പ്രകാശ് രാജും മോഹൻലാലും ഒരു ഫ്രെയിമിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയൻ മാണിക്യനെ കൂടുതൽ ശക്തനാക്കുകയാണോ പ്രകാശ് രാജ്?

തീർച്ചയായും. ഏറ്റവും നല്ല സിനിമകളിൽ ആദ്യം സൃഷ്‌ടിക്കപ്പെടുക വില്ലനാണെന്ന് ഒരിക്കൽ എന്നോട് പറഞ്ഞത് എം.ടി സാറാണ്. വില്ലന്റെ ശക്തി എപ്പോഴും പ്രതിഫലിക്കുന്നത് നായകനിലാണ്. അത്തരത്തിൽ ഒടിയൻ മാണിക്യന് തീർത്തും ഒരു വെല്ലുവിളി തന്നെയാണ് പ്രകാശ രാജിന്റെ രാവുണ്ണി. ഇരുവരും ചേർന്ന് വിളമ്പുന്ന അതി സ്വാദിഷ്‌ടമായ സദ്യ തന്നെയാകും പ്രേക്ഷകർക്ക് ഒടിയൻ.

8. നായകനെയും പ്രതിനായകനെയും കുറിച്ച് ചർച്ച ചെയ്യുമ്പോൾ മഞ്ജുവാര്യരുടെ പ്രഭയെ നമുക്ക് വിസ്‌മരിക്കാൻ കഴിയില്ല?

വളരെ ശക്തമായ കഥാപാത്രങ്ങളാണ് ഒടിയനിലുള്ളത്. ശക്തരായ നായകനും പ്രതിനായകനും എത്തുമ്പോൾ അവർക്കിടയിലുള്ള നായികയെ മഞ്ജുവിനെ പോലെ അതീവ അഭിനയപാടവമുള്ള നടിക്ക് മാത്രമെ അഭിനയിച്ച് ഫലിപ്പിക്കാൻ കഴിയുകയുള്ളു. അഭിനയത്തിലേക്ക് തിരിച്ചു വന്ന നാൾ മുതൽ മഞ്ജുവാര്യർ കേൾക്കുന്ന വിമർശമാണ് പഴയ മഞ്ജുവിനെ കാണാൻ കഴിയുന്നില്ലെന്ന്. അതിനെല്ലാമുള്ള ഉത്തരം കൂടിയാണ് ഒടിയൻ.

9. പീറ്റർ ഹെയ്‌ൻ തന്നെ പറഞ്ഞല്ലോ കരിയറിൽ താൻ ചെയ്‌ത ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫിയാണ് ഒടിയന്റേതെന്ന്?

നൂറ് ശതമാനവും ശരിയാണത്. മലയാള സിനിമ ഇതുവരെ കാണാത്ത ആക്ഷൻ രംഗങ്ങളാണ് പീറ്റർ ഒടിയനു വേണ്ടി ഒരുക്കിയിരിക്കുന്നത്. 31 ദിവസമെടുത്താണ് ഒടിയന്റെ ക്ളൈമാക്‌സ് രൂപപ്പെടുത്തിയത്. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ക്ളൈമാക്‌സുകളിലൊന്നാണിത്. പ്രേക്ഷകരോട് ഒന്നേ പറയാനുള്ളു, സ്ഥിരം ആക്ഷൻ രംഗങ്ങൾ മറന്ന് തിയേറ്ററിലേക്ക് വരൂ, ഒടിയൻ നിങ്ങളെ അത്ഭുതപ്പെടുത്തുമെന്ന് തീർച്ച.

10. പട്ടിണി കിടന്നാണെങ്കിലും ഒടിയനു വേണ്ടി താൻ മെലിയുമെന്ന് മോഹൻലാൽ മുമ്പ് പറഞ്ഞിട്ടുണ്ട്. ശരിക്കും പട്ടിണി കിടക്കേണ്ടി വന്നോ അദ്ദേഹത്തിന്?

പട്ടിണിയൊന്നും കിടക്കേണ്ടി വന്നില്ലെങ്കിലും ഈ ഒരു ചിത്രത്തിനു വേണ്ടി ലാലേട്ടൻ എടുത്ത അധ്വാനം മറ്റ് താരങ്ങൾ കണ്ടു പഠിക്കണം. അത്രത്തോളം ത്യാഗമാണ് മോഹൻലാൽ ഒടിയന് വേണ്ടി ചെയ്‌തത്. ഒരുപക്ഷേ 40 വർഷം നീണ്ട ആ കരിയർ തന്നെ അവസാനിച്ചു പോകുമായിരുന്നത്ര അപകട സാധ്യതകൾ അദ്ദേഹം തരണം ചെയ്‌തിട്ടുണ്ട്. അപ്പോഴെല്ലാം ഡിസംബർ 14 എന്ന തീയതി മാത്രമായിരുന്നു അദ്ദേഹം കണ്ടത്. അതാണ് ഞാൻ നേരത്തെ പറഞ്ഞ മോഹൻലാൽ എന്ന നമ്മളെ എപ്പോഴും വിസ്‌മയിപ്പിക്കുന്ന മനുഷ്യൻ.

11. ഡിസംബർ 14ന് ഒടിയൻ തിയേറ്റ‌റുകളിൽ എത്തുകയാണ്. ഇതുവരെ എത്രത്തോളം തൃപ്‌തനാണ് ശ്രീകുമാർ മേനോൻ?

ഉത്തരം പറയാൻ വളരെ ക്ളേശകരമായ ചോദ്യമാണത്. ഒരു പക്ഷേ ഒടിയൻ ഷൂട്ടിംഗ് തുടങ്ങുന്നതിന് 200 ദിവസം മുമ്പുള്ള ശ്രീകുമാർ മേനോനോട് ഇന്ന് ഈ അവസ്ഥയിലുള്ള ശ്രീകുമാർ മേനോൻ തന്നെ ആ ചോദ്യം ചോദിച്ചിരുന്നുവെങ്കിൽ കുറച്ചു കൂടി നന്നായി എടുക്കാൻ കഴിയുമായിരുന്നു എന്നേ ഞാൻ പറയുകയുള്ളു. കാരണം 200 ദിവസത്തെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് വളരെയേറെ കാര്യങ്ങളാണ്. പക്ഷേ ഞാൻ സംതൃപ്‌തനാണ്. എന്നാൽ ഒടിയന് വേണ്ടി മറ്റുള്ളവർ നൽകിയ ആത്മസമർപ്പണത്തിന് വിലയിടാൻ ഞാൻ ആളല്ല.

12. ഒരു ചോദ്യം കൂടി ചോദിച്ച് നമുക്ക് അവസാനിപ്പിക്കാം. രണ്ടാമൂഴം എന്ന് സംഭവിക്കും?

രണ്ടാമൂഴം 2019ൽ തന്നെ സംഭവിക്കും. അതിൽ ആർക്കും ഒരു സംശയവും വേണ്ട. എം.ടി സാർ തിരക്കഥ എഴുതി, മോഹൻലാൽ ഭീമനായി എത്തി, ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമൂഴം 2019 ആഗസ്‌റ്റ് മാസം തന്നെ ചിത്രീകരണം ആരംഭിക്കും.

അഭിമുഖത്തിന്റെ പൂർണരൂപം-