സംസ്ഥാനങ്ങൾ എതിർത്താൽ എൻ.ആർ.സി നടപ്പാവില്ല: കുഞ്ഞാലിക്കുട്ടി

Monday 10 February 2020 12:05 AM IST
photo

കോഴിക്കോട്: സംസ്ഥാനങ്ങൾ എതിര് നിന്നാൽ കേന്ദ്ര സർക്കാരിറിന് ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി) നടപ്പിലാക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ .കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ജനങ്ങളെ മതപരമായി വിഭജിച്ച് കലാപമുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. തൊഴിലില്ലായ്മയെ പറ്റിയോ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചോ സംസാരിക്കാൻ അവർക്ക് ധൈര്യമില്ല. ഭരണഘടനാവിരുദ്ധമായ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്തുടനീളം സമരം നടക്കുമ്പോൾ അതിന്റെ മറവിൽ ചിലർ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ടെന്നത് മറന്നുകൂടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എ.കെ. സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീർ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ. മുനീർ, സി.കെ. സുബൈർ, നജീബ് കാന്തപുരം, സി.പി. ചെറിയ മുഹമ്മദ്, അബ്ദുല്ല വാവൂർ, അഡ്വ.പി.കുൽസു, എം.കെ.ഹംസ, ഉസ്മാൻ താമരത്ത് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. മൂസ സ്വാഗതവും സെക്രട്ടറി പി.കെ.അസീസ് നന്ദിയും പറഞ്ഞു.