ജോയ് ഹോംസ് പദ്ധതി റീബിൽഡ് കേരളയ്ക്ക് കരുത്ത്: മുഖ്യമന്ത്രി
തിരുവല്ല: കേരളത്തിന്റെ പുനർനിർമ്മാണത്തിനുള്ള 'റീബിൽഡ് കേരള" പദ്ധതിക്ക് കരുത്തേകുന്നതാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ 'ജോയ് ഹോംസ്" പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയബാധിതരുടെ പുനരധിവാസത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിച്ച ഭവന പദ്ധതിയായ 'ജോയ് ഹോംസിന്റെ" ഗുണഭോക്താക്കളുടെ സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
250 കുടുംബങ്ങൾക്ക് 15 കോടി രൂപ ചെലവിലാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വീട് നിർമ്മിച്ച് നൽകിയത്. പ്രളയകാലത്ത്, സന്നദ്ധപ്രവർത്തനങ്ങൾക്ക് ജോയ് ആലുക്കാസ് ക്രിയാത്മ പങ്ക് വഹിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ജോയ് ഹോംസ് ഗുണഭോക്താക്കൾക്ക് മെമന്റോ വിതരണോദ്ഘാടനം എ.എം. ആരിഫ് എം.പിയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ ഹാൻഡ്ബുക്ക് പ്രകാശനം മാത്യു ടി. തോമസ് എം.എൽ.എയും ഡയാലിസിസ് കിറ്ര് വിതരണം എൻ.കെ. പ്രേമചന്ദ്രൻ എം.പിയും നിർവഹിച്ചു.
കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലെ ജോയ് ഹോംസിന്റെ ഗുണഭോക്താക്കളായ 100 കുടുംബങ്ങളാണ് സംഗമത്തിൽ സംബന്ധിച്ചത്. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയിൽ അദ്ധ്യക്ഷത വഹിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ജോയ് ആലുക്കാസ്, ഡയറക്‌ടർമാരായ ജോളി ജോയ് ആലുക്കാസ്, എൽസ ജോയ് ആലുക്കാസ്, ആന്റോ ആന്റണി എം.പി., എം.എൽ.എമാരായ വീണ ജോർജ്, രാജു എബ്രഹാം, സജി ചെറിയാൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു. ജോയ് ഹോംസിന്റെ 160 വീടുകളിൽ നിലവിൽ ഗുണഭോക്താക്കൾ താമസം ആരംഭിച്ചുവെന്നും മറ്റു വീടുകൾ വൈകാതെ കൈമാറുമെന്നും ജോയ് ആലുക്കാസ് പറഞ്ഞു.