20 രൂപ ഊണിന് അര ലക്ഷം സന്തോഷം

Saturday 15 February 2020 12:09 AM IST

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ 'സുഭിക്ഷ'യിൽ ഇന്നലെ ഉണ്ണാനെത്തിയവർക്ക് കൂപ്പണിനൊപ്പം ഒരു ചോക്ളേറ്റും കിട്ടി. ഭക്ഷ്യ പൊതുവിതരണ വകുപ്പ് കുടുംബശ്രീ വഴി വിൽക്കുന്ന 20 രൂപ ഊണ് ഇന്നലെ അരലക്ഷം പിന്നിട്ടതിന്റെ സന്തോഷം പങ്കുവയ്ക്കാനായിരുന്നു മധുര വിതരണം.

ആലപ്പുഴ പവർഹൗസ് വാർഡ് മൗലാപറമ്പിൽ ടി.ജെ.ജോർജാണ് 50,000 നമ്പരിലെ കൂപ്പൺ കൈപ്പറ്റിയത്. കുടുംബശ്രീ വനിതകൾക്ക് ആശംസ നേരാൻ ജില്ലാ സപ്ളൈ ഓഫീസർ മുരളീധരൻ നായരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമെത്തി.

2019 ആഗസ്റ്ര് നാലിനാണ് സുഭിക്ഷ പ്രവർത്തനം തുടങ്ങിയത്. 'ഫൈവ് സ്റ്റാർ കഫേ കുടുംബശ്രീ ' എന്ന പേരിൽ രജിസ്റ്റർ ചെയ്ത സംഘമാണ് ഹോട്ടൽ നടത്തുന്നത്.

ശവക്കോട്ട പാലത്തിന് സമീപമുള്ള നഗരസഭ വക കെട്ടിടത്തിന് വാടകയില്ല. കറണ്ട് ചാർജ് സിവിൽ സപ്ളൈസ് വകുപ്പ് അടയ്ക്കും. ഒരു ഊണിന് അഞ്ചു രൂപ നിരക്കിൽ സബ്സിഡിയും നൽകുന്നു. സിൻഡിക്കേറ്റ് ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ വയ്പയെടുത്താണ് പാത്രങ്ങളും പാചകോപകരണങ്ങളും വാങ്ങിയത്. ഏഴു മാസം കൊണ്ട് അടച്ചു തീർത്തു.

വിഭവസമൃദ്ധം

മൂന്ന് തൊടുകറികൾ, സാമ്പാർ, സംഭാരം എന്നിവയുൾപ്പെട്ടതാണ് 20 രൂപ ഊണ് . മീൻകറി, മീൻ വറുത്തത്, ബീഫ് കറി എന്നിവ സ്പെഷ്യൽ. ഏത് വാങ്ങിയാലും 30 രൂപ.

വിശ്വാസത്തിന്റെ വിജയം

150 നും 200 നും ഇടയ്ക്ക് ഊണാണ് ആദ്യ നാളുകളിൽ വിറ്റിരുന്നത്. ഊണിന്റെ രുചിയറിഞ്ഞ് തിരക്കേറാൻ അധിക നാൾ വേണ്ടിവന്നില്ല, 400 ഊണ് ഇപ്പോൾ വിളമ്പുന്നു.10,000 - 12,000 രൂപ ഓരോ അംഗത്തിനും പ്രതിമാസം വരുമാനമുണ്ട്. പുറത്തു നിന്ന് ഓർഡർ കിട്ടിയാൽ ഭക്ഷണം തയ്യാറാക്കി നൽകും. ഹേമലതയുടെ നേതൃത്വത്തിൽ ജയ, ഷീബ, രേഖ, ജയശ്രീ, റോജ, സരസ്വതി, രജനി, മേഴ്സി, ബിൻസി എന്നിവരാണ് സുഭിക്ഷയെ നയിക്കുന്നത്. പ്രഭാത ഭക്ഷണം കൂടി നൽകാനുള്ള തയ്യാറെടുപ്പിലാണ്. കെട്ടിടത്തിലെ സ്ഥലക്കുറവാണ് വെല്ലുവിളി.