ആറ് കുട്ടികൾ കൂടിയാൽ പുതിയ അദ്ധ്യാപക തസ്തിക, ധനവകുപ്പിന്റെ നി‌ർദ്ദേശം വിദ്യാഭ്യാസ വകുപ്പിന് കൈമാറി

Friday 14 February 2020 12:36 AM IST

തിരുവനന്തപുരം: സ്‌കൂളുകളിൽ നിശ്ചിത അനുപാതത്തിൽ നിന്ന് ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്ന ധനകാര്യ വകുപ്പിന്റെ നിർദ്ദേശം വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ചു.

നിലവിൽ 30 കുട്ടികൾക്ക് പുറമേ ഒരു കുട്ടി അധികമായാലും എയ്ഡഡ് സ്കൂളുകളിൽ പുതിയ തസ്തിക സൃഷ്ടിക്കുമായിരുന്നു. അദ്ധ്യാപക തസ്തികകൾ അനുവദിക്കുന്നതിൽ നിയന്ത്രണമേർപ്പെടുത്തുമെന്ന് ധനമന്തി കഴിഞ്ഞയാഴ്ച ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞിരുന്നു. സർക്കാർ ഈ നിർദ്ദേശം അംഗീകരിച്ച് ഉത്തരവിറക്കിയാൽ,നിലവിലെ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം മാറില്ലെങ്കിലും രണ്ടാം തസ്തിക സൃഷ്ടിക്കുന്നതിന് 36 വിദ്യാർത്ഥികൾ വേണമെന്ന നിബന്ധന വരും. ഒരു കുട്ടി കൂടിയാൽ പുതിയ ഡിവിഷനെന്ന രീതി മാറ്റാൻ കെ.ഇ.ആർ ഭേദഗതി അടുത്ത നിയമസഭാ സമ്മേളനത്തിൽ ബില്ലായി കൊണ്ടുവരും.

വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായി എൽ.പി സ്‌കൂളിൽ 1:30 ആണ് അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം. ഇത് ദുർവ്യാഖ്യാനം ചെയ്താണ് എയ്ഡഡ് മാനേജ്‌മെന്റുകൾ ക്രമവിരുദ്ധമായി തസ്തികകൾ സൃഷ്ടിച്ചതെന്നാണ് സർക്കാർ വിശദീകരണം. എന്നാൽ ,നിയമത്തിന് പുറത്ത് ഒന്നും ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ് അസോസിയേഷൻ. പുതിയ നിർദേശമനുസരിച്ചുള്ള ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനാണ് അസോസിയേഷന്റെ തീരുമാനം.എന്നാൽ, അദ്ധ്യാപക നിയമനത്തിന് സർക്കാറിന്റെ മുൻകൂർ അനുമതി വേണമെന്നല്ലാതെ മാനേജർമാരുടെ നിയമനാധികാരം മാറ്റുന്നില്ല. അതിനാൽ കെ.ഇ.ആറിലെ നിർദ്ദിഷ്ട ഭേദഗതി കോടതിയും അംഗീകരിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.