പൾസർ സുനിയുടെ സുഹൃത്തിനെ ഇന്നു വിസ്തരിക്കും
Friday 14 February 2020 1:09 AM IST
കൊച്ചി: നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയ കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ സുഹൃത്തായ അമ്പലപ്പുഴ സ്വദേശിയെ വിചാരണക്കോടതി ഇന്നു വിസ്തരിക്കും. നടിയെ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തിയശേഷം ഒളിവിൽ പോയ സുനി ആദ്യമെത്തിയത് ഇൗ സുഹൃത്തിന്റെ വീട്ടിലാണ്. ഇവിടെ ഒളിവിൽ കഴിയുന്നതിനിടെ ദൃശ്യങ്ങൾ സുഹൃത്തിനെ സുനി കാണിച്ചിരുന്നു. സംഭവത്തിൽ സുനിക്ക് ബന്ധമുണ്ടെന്ന് വാർത്തവന്നതോടെ വീട്ടുകാർ പൊലീസിനെ അറിയിക്കുമെന്ന സാഹചര്യംവന്നു. തുടർന്നാണ് പൾസർ സുനി ഇവിടെ നിന്ന് മുങ്ങിയത്. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചാണ് പ്രോസിക്യൂഷൻ ഇൗ സാക്ഷിയെ വിസ്തരിക്കുക.
അമ്പലപ്പുഴയിൽ സുനി ഒളിവിൽ കഴിഞ്ഞ വീട്ടിലെ ഗൃഹനാഥയെയും തമ്മനത്ത് സുനിക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തിനെയും കോടതി ഇന്നലെ വിസ്തരിച്ചിരുന്നു. ഇരയായ നടിയുൾപ്പെടെ 12 സാക്ഷികളുടെ വിസ്താരം ഇതുവരെ പൂർത്തിയായി.