ഗുരുവായൂരിൽ കുളിച്ചു തൊഴാനായി ബന്ധുക്കൾ ഫ്ലാറ്റിലാക്കിയ വൃദ്ധ സഹോദരിമാർ അവശനിലയിൽ, ഒരാളുടെ കാൽ ഉറുമ്പരിച്ച നിലയിൽ, ബന്ധുക്കൾക്കായി തിരച്ചിൽ ശക്തം
തൃശൂർ: ഗുരുവായൂർ കിഴക്കേനടയിലെ കല‌്പക ഫ്ലാറ്റിൽ വൃദ്ധസഹോദരിമാരെ അവശനിലയിൽ കണ്ടെത്തി. മാവേലിക്കര സ്വദേശിയായ തൊണ്ണൂറുകാരി രാജമ്മയേയും ഓമനയേയുമാണ് അവശനിലയിൽ കണ്ടെത്തിയത്. മുറിവുള്ള കാലിൽ ഉറുമ്പരിച്ച നിലയിലാണ് രാജമ്മയെ കണ്ടെത്തിയത്. നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും പൊലീസുമെത്തിയാണ് ഇവരെ ആശുപത്രിയിലാക്കിയത്. ഇവരുടെ ബന്ധുക്കൾക്കായി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആറുമാസം മുമ്പ് ബന്ധുക്കളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേരാണ് ഇവരെ ഫ്ലാറ്റിലെത്തിച്ചതെന്ന് സമീപവാസികൾ പറയുന്നു. എന്നാൽ പിന്നീട് ഈ ഫ്ലാറ്റിൽ ഇവരെ തിരക്കി ആരും വന്നിട്ടില്ല. ദിനവും ഗുരുവായൂരിൽ ദർശനം നടത്താനാണ് ഫ്ലാറ്റെടുത്തത്. മാവേലിക്കരയിലുള്ള ഇവരുടെ വീട് വിറ്റാണ് ഈ ഫ്ലാറ്റ് വാങ്ങിയത് എന്നാണ് സൂചന.
ഇരുവരും അവിവാഹിതരാണ്. രാജമ്മയെ പരിചരിക്കാൻ പറ്റാത്ത രീതിയിൽ അവശയാണ് ഓമന. സമീപകാലംവരെയും ഇവർ സ്ഥിരമായി അമ്പലത്തിൽ പോകാറുണ്ടായിരുന്നു. പ്രായമായവരെ ഇത്തരത്തിൽ തനിച്ചാക്കി പോയത് ഗൗരവമായാണ് കാണുന്നതെന്ന് പൊലീസ് പറയുന്നു.