അബ്കാരി തൊഴിലാളികൾക്ക് 5000 രൂപ വരെ പെൻഷൻ

Saturday 15 February 2020 12:00 AM IST
kla

തിരുവനനന്തപുരം: സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി പെൻഷൻ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയിൽനിന്ന് 2000 രൂപയാക്കി. ബോർഡിൽ അംഗമായ ശേഷമുള്ള പത്തുവർഷത്തിൽ കൂടുതലുള്ള ഓരോ അധികവർഷത്തിനും ഇനിമുതൽ 100 രൂപ നിരക്കിൽ പെൻഷൻ വർദ്ധന ലഭിക്കും. 5000 രൂപയായിരിക്കും പരമാവധി പെൻഷൻ. നേരത്തേ ഇത് 2000 രൂപയായിരുന്നു. ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കണമെന്ന ബോർഡിന്റെ ശുപാർശ പരിഗണിച്ചാണ് സർക്കാർ തീരുമാനം. കള്ള് വ്യവസായ തൊഴിലാളികൾക്കു കുടുംബ പെൻഷനും സർക്കാർ പ്രഖ്യാപിച്ചു. 2017 ജൂലൈ ഒന്നിന്റെ മുൻകാല പ്രാബല്യത്തോടെയാകും കുടുംബ പെൻഷൻ അനുവദിക്കുക. 15 വർഷം വരെ സേവന കാലയളവുള്ളവർക്ക് 2000 രൂപ, 15 മുതൽ 20 വർഷം വരെ സേവന കാലയളവുള്ളവർക്ക് 2500 രൂപ, 20 മുതൽ 25 വർഷം വരെ 3000 രൂപ, 25 മുതൽ 30 വരെ 3500 രൂപ, 30 മുതൽ 35 വർഷം വരെ 4500 രൂപ, 35 വർഷത്തിനുമേൽ 5000 രൂപ എന്ന രീതിയിലാണ് പെൻഷൻ തുക വർദ്ധിപ്പിച്ചത്. പെൻഷൻ വാങ്ങിക്കൊണ്ടിരിക്കെ മരണപ്പെടുന്ന പെൻഷനറുടെ ജീവിത പങ്കാളിക്ക് പെൻഷൻ തുകയുടെ മൂന്നിലൊന്നു തുകയോ അല്ലെങ്കിൽ 1200 രൂപയോ (ഏതാണോ കൂടുതൽ അത്) കുടുംബ പെൻഷനായി അനുവദിക്കും. മരണപ്പെട്ട പെൻഷനറുടെ വിധവയ്ക്ക് 1100 രൂപ കുടുംബ പെൻഷനായി ലഭിക്കും. തൊഴിലാളി മരണപ്പെടുന്ന സാഹചര്യത്തിൽ വിധവയ്ക്ക്, തൊഴിലാളി ജീവിച്ചിരുന്നെങ്കിൽ സർവീസിൽ തുടരുമായിരുന്ന കാലയളവ് വരെ പ്രതിമാസം 3000 രൂപയും തുടർന്നുള്ള കാലയളവിൽ 1100 രൂപയും സാന്ത്വന ധനസഹായമായി ലഭിക്കും.