വെടിയുണ്ട കാണാതായ കേസിൽ കടകംപള്ളിയുടെ ഗൺമാൻ പ്രതി
മൂന്നാം പ്രതിയാണ് സനൽകുമാർ
തിരുവനന്തപുരം: സായുധസേനാ ബറ്റാലിയനിൽ നിന്ന് വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്റി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനൽകുമാറിനെ മൂന്നാം പ്രതിയാക്കി 2019 ഏപ്രിൽ മൂന്നിന് പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
1996 മുതൽ 2018 വരെ എസ്.എ.പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായെന്ന് മുൻ കമൻഡാന്റ് സേവ്യർ നൽകിയ പരാതിയിലാണ് കേസെടുത്തത്. കേസ് പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. രജിസ്റ്ററിൽ സ്റ്റോക്ക് സംബന്ധിച്ച തെറ്റായ വിവരം പ്രതികൾ രേഖപ്പെടുത്തി, വഞ്ചനയിലൂടെ അമിതലാഭം ഉണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് എഫ്.ഐ.ആറിലുള്ളത്.
ഗോപകുമാർ, അശോക്‌കുമാർ, സതീഷ്‌കുമാർ, അനീഷ്, ലിയിഷൻ, ബെൽരാജ്, വിനോദ്, റെജി, ബാലചന്ദ്രൻ, സുധീഷകുമാർ എന്നിവരാണു പ്രതിപ്പട്ടികയിലുള്ള മറ്റ് പൊലീസുകാർ. എസ്.എ.പി ക്യാമ്പിൽ ഹവിൽദാറായിരുന്ന സനൽകുമാറിനായിരുന്നു വെടിയുണ്ടകളുടെയും മറ്റും സുരക്ഷാ ചുമതല.
വെടിയുണ്ടകളുടെ വിവരങ്ങൾ സനൽകുമാർ അടക്കം 11 പൊലീസുകാരും രജിസ്റ്ററിൽ രേഖപ്പെടുത്തിയില്ല. എ.കെ- 47 തോക്കുകളുടെ തിരകൾ സൂക്ഷിക്കുന്നതിലുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നും കണ്ടെത്തിയിരുന്നു.
അതേസമയം, ആയുധശേഖരത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി രജിസ്റ്റർ സൂക്ഷിക്കേണ്ട പൊലീസുകാരെ മാത്രം പ്രതികളാക്കിയതിനെതിരെ പൊലീസുകാർക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
കുറ്റം തെളിയാതെ ഗൺമാനെ
മാറ്റില്ല : കടകംപള്ളി
പ്രതിപ്പട്ടികയിലുണ്ടെന്നതിനാൽ ഗൺമാൻ കുറ്റക്കാരനാവില്ലെന്നും കുറ്റം തെളിയുന്നതു വരെ സനൽകുമാർ സ്റ്റാഫിലുണ്ടാകുമെന്നും മന്ത്റി കടകംപള്ളി സുരേന്ദ്രൻ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.