അദ്ധ്യാപക തസ്തിക മാനേജ്‌മെന്റുകൾ അയയുന്നു ഉത്തരവ് രണ്ടു ദിവസത്തിനകം

Saturday 15 February 2020 12:36 AM IST
teacher post

തിരുവനന്തപുരം: സ്‌കൂളുകളിൽ ആറ് കുട്ടികൾ കൂടിയാൽ മാത്രം പുതിയ അദ്ധ്യാപക തസ്തിക അനുവദിച്ചാൽ മതിയെന്ന ധനവകുപ്പിന്റെ നിർദേശം ശരിവച്ചു കൊണ്ടുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് രണ്ടു ദിവസത്തിനകം. ഉത്തരവിന്റെ ഡ്രാഫ്റ്റായെന്നാണ് സൂചന. നിലവിൽ 30 കുട്ടികൾക്ക് പുറമേ ഒരു കുട്ടി കൂടിയാൽ പുതിയ അദ്ധ്യാപക തസ്തിക എന്ന രീതിക്കു പകരം ആറ് കുട്ടികൾ കൂടിയാൽ പുതിയ തസ്തിക എന്നാണ് ധനവകുപ്പ് നിർദേശിച്ചിട്ടുള്ളത്. പുതിയ നിർദേശമനുസരിച്ചുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറങ്ങിയാൽ കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിൽ നിന്ന് മാനേജ്‌മെന്റ് അസോസിയേഷൻ പിന്നോട്ടുപോകാനാണ് സാദ്ധ്യത. 1:36 എന്ന പുതിയ അനുപാതത്തോട് അനുകൂല നിലപാടാണ് ഭൂരിഭാഗം മാനേജ്‌മെന്റുകൾക്കുമുള്ളത്. എൽ.പിയിൽ 36 കുട്ടികളും യു.പിയിൽ 41 കുട്ടികളുമുണ്ടെങ്കിൽ സർക്കാർ അനുമതിയോടെ പുതിയ തസ്തിക സൃഷ്ടിക്കാമെന്നതാണ് പുതിയ നയം. കഴിഞ്ഞ ദിവസം ധനവകുപ്പിന്റെ ഈ നിർദേശം വന്നതിനു ശേഷം എതിർപ്പുമായി പ്രധാന എയ്ഡഡ് മാനേജ്‌മെന്റുകളൊന്നും രംഗത്ത് വന്നിരുന്നില്ല. കോടതിയെ സമീപിച്ചാൽ തന്നെ അനുകൂല മറുപടി കിട്ടുമെന്ന് ഉറപ്പില്ലാത്തതിനാൽ ഇതിൽനിന്ന് പിൻവാങ്ങാനിടയുണ്ടെന്ന് എയ്ഡഡ് മാനേജ്‌മെന്റ് അസോസിയേഷനുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ചില മാനേജ്‌മെന്റുകൾ മാത്രമാണ് ഇപ്പോഴും എതിർപ്പ് പ്രകടിപ്പിക്കുന്നത്. സർക്കാർ തീരുമാനം അംഗീകരിക്കില്ലെന്ന വാദത്തിൽ ഇവർ ഉറച്ചുനിൽക്കുകയാണെങ്കിൽ മാത്രമേ അദ്ധ്യാപക തസ്തിക നിർണയം കോടതി കയറൂ.