പുസ്തകത്തിലെ പരാമർശം: തരൂർ നേരിട്ട് എത്തണമെന്ന് കോടതിയുടെ കർശന നിർദ്ദേശം

Saturday 15 February 2020 12:37 AM IST

തിരുവനന്തപുരം: നായർ സ്ത്രീകളെ തന്റെ പുസ്തകമായ 'ദി ഗ്രേറ്റ് ഇന്ത്യൻ നോവലി'ലൂടെ അപമാനിച്ചെന്നാരോപിച്ചുളള അപകീർത്തി കേസിൽ ശശി തരൂർ എം.പി അഡിഷണൽ ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായില്ല. എന്നാൽ അതേ കെട്ടിടത്തിൽ തന്നെയുളള ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ തരൂർ വാദിയായി നൽകിയിരുന്ന കേസിൽ തരൂർ നേരിട്ടെത്തി മൊഴിയും നൽകി. പെരുന്താന്നി എൻ.എസ്.എസ് കരയോഗ അംഗമായ വനിത അഭിഭാഷക സന്ധ്യ ശ്രീകുമാറാണ് തരൂരിനെതിരായ കേസിലെ ഹർജിക്കാരി. ഇൗ കേസിൽ ഏപ്രിൽ 18 ന് തരൂർ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദ്ദേശം നൽകി.

കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദിനെതിരെയും ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിളളയ്ക്ക് എതിരെയുമാണ് തരൂർ അപകീർത്തി കേസ് ഫയൽ ചെയ്തിരുന്നത്. തരൂർ കൊലക്കേസിലെ പ്രതിയാണെന്നായിരുന്നു രവിശങ്കർ പ്രസാദിന്റെ പരാമർശം. രവിശങ്കറിന്റെ പരാമർശം രാഷ്ട്രീയ ലാക്കോടെ ഉളളതായിരുന്നെന്നും അത് തനിക്ക് അപകീർത്തി ഉണ്ടാക്കിയെന്നും തരൂർ കോടതിയെ അറിയിച്ചു. ഒരു കോടതിയും താൻ കൊലപാതകിയാണെന്ന് കണ്ടെത്തിയിരുന്നില്ലെന്നും തരൂർ വാദിച്ചു.

തിരുവനന്തപുരത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ രണ്ട് ഭാര്യമാരല്ല മരിച്ചത് മൂന്ന് പേരാണെന്നായിരുന്നു ശ്രീധരൻ പിളളയുടെ പരാമർശം. അടൂർകാരനായ മധുസൂദനൻ നായരുടെ ബന്ധുവായ സ്ത്രീയെയാണ് തരൂർ വിവാഹം ചെയ്തിരുന്നതെന്നും അവർ മരിച്ചു പോയെന്നും അവരുടെ കേസ് വക്കീൽ എന്ന നിലയിൽ താനാണ് കെെകാര്യം ചെയ്തിരുന്നതെന്നും ശ്രീധരൻപിളള പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി ശ്രീധരൻപിളള നടത്തിയ പ്രസ്താവന അപകീർത്തി ഉണ്ടാക്കിയതായി തരൂർ കോടതിയിൽ മൊഴി നൽകി.