മിച്ചഭൂമി ഏറ്റെടുക്കൽ: കാലതാമസം വന്നില്ലെന്ന് മന്ത്രി

Friday 14 February 2020 10:47 PM IST

തിരുവനന്തപുരം: മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം വന്നില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. കാസർകോട് , കോട്ടയം, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി 169 സ്ഥലങ്ങളിൽ താലൂക്ക് ലാൻഡ് ബോ‌ർഡുകൾ 1,588.04 ഹെക്ടർ ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടും അത് ഏറ്റെടുക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്നായിരുന്നു സി.എ.ജിയുടെ വിമർശനം. എന്നാൽ ഈ ജില്ലകളിൽ ആകെ മിച്ചഭൂമിയായി പ്രഖ്യാപിച്ച 23151.37 ഹെക്ടർ ഭൂമിയിൽ 21563.33 ഹെക്ടർ ഭൂമി മിച്ചഭൂമിയായി ഏറ്രെടുത്ത കാര്യം സി.എ.ജി എടുത്തുപറഞ്ഞിട്ടുണ്ടെന്നും ഇത് പ്രശംസനീയമാണെന്ന് സി.എ.ജി അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സി.എ.ജി റിപ്പോർട്ടിൽ വീഴ്ചകൾ പരാമർശിച്ച സ്ഥലങ്ങളിൽ വകുപ്പിലെ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടാൽ അവർക്കെതിരെ നടപടിയെടുക്കുമെന്ന് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി.വേണു പറഞ്ഞു.