ശബരിമല വനപാതയിൽ തീർത്ഥാടകരുമായി പുറപ്പെട്ട ബസ് ഒാട്ടത്തിനിടെ കത്തിയമർന്നു

Friday 14 February 2020 10:49 PM IST

പത്തനംതിട്ട: ശബരിമല വനപാതയിൽ ചാലക്കയത്ത് കെ.എസ്.ആർ.ടി.സി നോൺ എ.സി ജൻറം ബസിന് തീ പിടിച്ചു. ബസ് പൂർണമായി കത്തിപ്പോയി.ആളപായമില്ല. ഇന്നലെ വൈകിട്ട് ആറരയോടെയാണ്സംഭവം. ശബരിമലയിലേക്ക് തീർത്ഥാടകരുമായി പോവുമ്പോൾ ടയർ പൊട്ടിത്തെറിച്ച് തീ പിടിക്കുകയായിരുന്നു.തീർത്ഥാടകരെ മറ്റൊരു ബസിൽ പമ്പയിലെത്തിച്ചു.പരിഭ്രാന്തരായ ചിലരെ പമ്പ ഗവ. ആശുപത്രിയിലേക്ക് മാറ്റി. അൻപതോളം തീർത്ഥാടകർ ബസിലുണ്ടായിരുന്നു.

പത്തനംതിട്ട ഡിപ്പോയുടെ ലോഫ്ലോർ നോൺ എസി ജൻറം ബസ് ജെഎൻ 551ന് ആണ് തീപിടിച്ചത്. ബസിന്റെ പിന്നിലെ ടയർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. അതിന്റെ ഭാഗം ഡീസൽ ടാങ്കിൽ തട്ടിയാണ് തീ ഉണ്ടായത്. അപകടം ഉണ്ടായ ഉടനെ ബസിന്റെ രണ്ടു വാതിലും തുറക്കാൻ കഴിഞ്ഞു. യാത്രക്കാർ വാതലിലൂടെയും വശങ്ങളിലൂടെയും പുറത്തേക്ക് ചാടിയാണ് രക്ഷപെട്ടത്. കാലിന് ചെറിയ പൊള്ളലേറ്റ മൂന്നുപേർക്ക് പമ്പ ആശുപത്രിയിൽ ചികിത്സ നൽകി വിട്ടയച്ചു. പമ്പ- നിലയ്ക്കൽ റൂട്ടിൽ റോന്ത് ചുറ്റുകയായിരുന്ന പൊലീസ് പമ്പയിൽ എത്തിയാണ് ഫയർ ഫോഴ്‌സിനെ വിവരം അറിയിച്ചത്. പത്തനംതിട്ട , റാന്നി ഫയർ ഫോഴ്‌സ് യൂണിറ്റുകെളെത്തി തീയണച്ചു.