കുത്തി കൊലപ്പെടുത്താൻ നോക്കി, പാർട്ടിയുടെ ശാസനവും പ്രകോപനമായി: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ കുറ്റപത്രം സമർപ്പിച്ചു

Saturday 15 February 2020 3:59 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് കത്തിക്കുത്ത് കേസിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കപ്പെട്ടത്. മുൻ എസ്.എഫ്.ഐ പ്രവർത്തകരും കേസിലെ മുഖ്യ പ്രതികളുമായ ശിവരഞ്ജിത്, നസീം എന്നിവർ ഉൾപ്പെടെ ആകെ പത്തൊൻപത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിട്ടുള്ളത്. കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു എന്നതാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. സംഭവത്തിനു പിന്നാലെ ശിവരഞ്ജിത്തിനെയും നസീമിനെയും എസ്.എഫ്.ഐ. പുറത്താക്കിയിരുന്നു.

അഖിലിന്റെ ബൈക്ക് തകർത്തതിന് പ്രതികളെ പാർട്ടി ശാസിച്ചതും കുറ്റകൃത്യം ചെയ്യാനായി ഇവരെ പ്രകോപിപ്പിച്ചുവെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. സംഭവം നടന്ന് ആറുമാസത്തോളം കഴിഞ്ഞ ശേഷമാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വധശ്രമം, ഗൂഡാലോചന എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രം വൈകിയതു മൂലം എല്ലാ പ്രതികൾക്കും ജാമ്യം ലഭിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.