തദ്ദേശതിരഞ്ഞെടുപ്പ്: ഒരുക്കം തുടങ്ങാൻ സി.പി.എം
തിരുവനന്തപുരം: നവംബറിൽ വരാനിരിക്കുന്ന തദ്ദേശഭരണ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കാൻ സി.പി.എം സംസ്ഥാന സമിതി നിർദ്ദേശിച്ചു. രണ്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന സംസ്ഥാനസമിതി യോഗം അജൻഡകൾ പൂർത്തിയാക്കി ഇന്നലെ തന്നെ പിരിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പിൽ പരമാവധി വിജയമുറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കണം. സർക്കാരിന്റെ വികസന നേട്ടങ്ങൾ താഴേത്തട്ട് വരെ ജനങ്ങളിലെത്തിക്കാൻ തീവ്ര ഇടപെടലുണ്ടാകണം. സംസ്ഥാന ബഡ്ജറ്റിന്റെ ജനകീയമുഖം ഉയർത്തിക്കാട്ടിയുള്ള പ്രചാരണം ശക്തമാക്കണം. കേന്ദ്ര, സംസ്ഥാന ബഡ്ജറ്റുകൾ താരതമ്യം ചെയ്ത് സംസ്ഥാനം മുന്നോട്ടുവയ്ക്കുന്ന ബദലിനെപ്പറ്റി ജനങ്ങളെ ബോധവാന്മാരാക്കണം.
പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾ തുടരാനും സംസ്ഥാനസമിതി തീരുമാനിച്ചു. കേവലം പാർട്ടി എന്ന നിലയിലല്ലാതെ ഇടതുമുന്നണി കൂട്ടായി വേണം പ്രക്ഷോഭങ്ങളെ നയിക്കാൻ. പരമാവധി മതേതര വിശ്വാസികളെ അണിനിരത്താനാകണം. മനുഷ്യ മഹാശൃംഖലയ്ക്ക് തുടർച്ചയുണ്ടാകണമെന്നും നിർദ്ദേശിച്ചു.
കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗത്തിന്റെ തീരുമാനങ്ങൾ പി.ബി അംഗം എസ്. രാമചന്ദ്രൻപിള്ള റിപ്പോർട്ട് ചെയ്തു. ദേശീയതലത്തിൽ മതേതര കൂട്ടായ്മ വളർത്തിയെടുക്കുന്നതടക്കം പരിപാടികളാണ് അതിലുള്ളത്.
ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും ഇന്നലെ സംസ്ഥാന സമിതിയിലും പൂർണ സമയവും പങ്കെടുത്തു. ഇടവേളയ്ക്ക് ശേഷം അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളെയും കാണുന്നുണ്ട്. സംസ്ഥാന സമിതി തീരുമാനങ്ങൾ കോടിയേരി വിശദീകരിക്കും.