അന്ന് വൻ വിജയം, ഇന്ന് നഷ്ടം? പ്രളയ ദുരിതാശ്വാസം തേടി നടത്തിയ പരിപാടി വൻ നഷ്ടമെന്ന് സംഘാടകർ, 23 ലക്ഷം കൈയിൽ നിന്നും ചിലവായെന്നും വാദം

Sunday 16 February 2020 11:36 AM IST

കൊച്ചി: പ്രളയ ദുരിതാശ്വാസം കണ്ടെത്താൻ നടത്തിയ 'കരുണ' സംഗീത പരിപാടി വൻ നഷ്ടമായിരുന്നുവെന്ന് സംഘാടകർ. പരിപാടിയുടെ സംഘാടകരുടെ കൂട്ടത്തിലുള്ള, സംഗീതജ്ഞൻമാർ കൂടിയായ ബിജിബാലും ഷഹബാസ് അമനുമാണ് പുതിയ വാദവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവർ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ അംഗങ്ങൾ കൂടിയാണ്. പരിപാടി നടത്തിയതിൽ നിന്നും വെറും 6.22 ലക്ഷം രൂപ മാത്രമാണ് പിരിഞ്ഞുകിട്ടിയതെന്നും പരിപാടി നടത്തിപ്പിന് തങ്ങളുടെ കൈയിൽ നിന്നും 23 ലക്ഷം രൂപ ചിലവായെന്നുമാണ് ഇവർ പറയുന്നത്.

പരിപാടിയുടെ സംപ്രേക്ഷണാവകാശം ചാനലുകൾക്ക് നൽകി അതിൽ നിന്നുമുള്ള വരുമാനം കൂടി ഉൾപ്പെടുത്തിക്കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാം എന്ന് കരുതിയത് കൊണ്ടാണ് പണമടയ്ക്കാൻ വൈകിയതെന്നും ഇവർ വിശദീകരിക്കുന്നു.

ഇതിനായി മാർച്ച് 31 വരെ സാവകാശം തേടി തങ്ങൾ കളക്ടർക്ക് കത്ത് നൽകിയിരുന്നതായും ഇവർ പറഞ്ഞു. തുക അടയ്ക്കാത്തതിൽ വിശദീകരണം നൽകാൻ പരിപാടിയുടെ രക്ഷാധികാരി കൂടിയായിരുന്ന കളക്ടർ നിർദേശം നൽകിയതിനാൽ 6.22 ലക്ഷം തുക തങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.

തങ്ങൾ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തത് കൊണ്ടാണ് ഇത്തരത്തിൽ ഒരു ആക്രമണം തങ്ങൾക്ക് നേരെ ഉണ്ടായതെന്നും ഇവർ പായുന്നു. എന്നാൽ ഷഹബാസ് അമനെയും ബിജിബാലിനെയും മുന്നിൽ നിർത്തി റിമ കല്ലിങ്കലും ആഷിഖ് അബുവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിവാദങ്ങൾക്ക് തുടക്കം കുറിച്ച യുവമോർച്ചാ സംസ്ഥാന സെക്രട്ടറി സന്ദീപ് ജി. വാരിയർ പറയുന്നു. അന്ന് പരിപാടി വിജയമാണെന്ന് പറഞ്ഞ ശേഷം ഇപ്പോൾ നഷ്ടമെന്ന് വിളിക്കുന്നതെന്തിനെന്നും സന്ദീപ് ചോദിച്ചു.