ഇന്ത്യൻ 'ബോൾട്ട്' ട്രാക്കിലേക്കില്ല, സെലക്ഷൻ ട്രയൽസിനില്ലെന്ന് സായി അധികൃതരോട് ശ്രീനിവാസ ഗൗഡ
ന്യൂഡൽഹി : കമ്പള മത്സരത്തിൽ 100 മീറ്റർ ദൂരം അമ്പരപ്പിക്കുന്ന വേഗത്തിൽ ഓടിയെത്തി താരമായ ശ്രീനിവാസ ഗൗഡ സായ് സംഘടിപ്പിക്കുന്ന ട്രയൽസിൽ പങ്കെടുക്കില്ല..ഇത് സംബന്ധിച്ച സായ് അധികൃതർക്ക് കത്തുനൽകി.. മൂഡബ്രിദ്രി സ്വദേശിയായ കാളയോട്ടക്കാരന് ശ്രീനിവാസ് ഗൗഡയ്ക്ക് തിങ്കളാഴ്ച ബെംഗലുരുവില്‍ വച്ച് ട്രയല്‍സ് നടത്താനായിരുന്നു തീരുമാനം. എന്നാൽ 'കമ്പള മത്സരത്തിൽ ശ്രദ്ധിക്കാനാണ് താല്പര്യം ' എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ ശ്രീനിവാസ ഗൗഡ. കമ്പള മത്സരത്തിൽ 100 മീറ്റർ 9.55 സെക്കൻഡിലാണ് ശ്രീനിവാസ ഓടിയെത്തിയത്.
ട്രയൽസിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് ശ്രീനിവാസ ഗൗഡയ്ക്ക് സായ് ട്രെയിൻ ടിക്കറ്റ് നൽകിയിരുന്നു. കമ്പള ഓട്ട മത്സരത്തിൽ ചരിത്രത്തില്‍ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി ശ്രീനിവാസ് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് തിരഞ്ഞെടുക്കപ്പെട്ടത്. ചെളി പുതഞ്ഞ് കിടക്കുന്ന വയലിലൂടെ ഒരു ജോടി പോത്തുക88ക്കൊപ്പം മത്സരാര്‍ത്ഥി ഓടുന്നതാണ് കമ്പള ഓട്ടം.
142 മീറ്റർ കമ്പള ട്രാക്കിൽ വെറും വെറും 13.42 സെക്കൻഡുകൊണ്ടാണ് ശ്രീനിവാസയും പോത്തുകളും ഒന്നാമതായി ഓടിയെത്തിയത്. ഈ വീഡിയോ ദൃശ്യത്തിൽ 100 മീറ്റർ പൂർത്തിയാക്കാൻ വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രവും. ലോകത്തെ ഏറ്റവും വേഗതയേറിയ മനുഷ്യനായ ഉസൈൻ ബോൾട്ട് 2009ൽ 9.58 സെക്കൻഡിൽ ഓടിയെത്തിയ റെക്കാഡ് തകർക്കാൻ ഇതുവരെയാർക്കും കഴിഞ്ഞിട്ടില്ല. ഇതോടെയാണ് സോഷ്യൽ മീഡിയ ഇന്ത്യൻ ബോൾട്ട് എന്ന വിശേഷണം ശ്രീനിവാസിന് ചാർത്തിയത്.
വൈറലായ വീഡിയോ തിരുവനന്തപുരം എം.പി ശശിതരൂർ ട്വിറ്ററിൽ കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവിന് ഇദ്ദേഹത്തെ അത്ലറ്റിക് അസോസിയേഷൻ ഏറ്റെടുത്ത് ഒളിമ്പിക്സിന് അയയ്ക്കണമെന്ന കമന്റോടെ അയച്ചുകൊടുത്തു. വ്യവസായ പ്രമുഖൻ ആനന്ദ് മഹീന്ദ്രയും മന്ത്രിക്ക് ഇതേ ആവശ്യവുമായി സന്ദേശമയച്ചു. ഉടനെ മന്ത്രിയുടെ മറുപടി എത്തി. ശ്രീനിവാസയുമായി ബന്ധപ്പെടാൻ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയിലെ പരിശീലകരെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹത്തിന് ഡൽഹിയിലെത്തി ട്രാക്കിൽ ഓടി ട്രയൽസ് നടത്താൻ ട്രെയിൻ ടിക്കറ്റ് അയച്ചുകൊടുത്തുവെന്നും മന്ത്രി കുറിച്ചു.