ആരോഗ്യവാനായി കോടിയേരി വീണ്ടും
തിരുവനന്തപുരം: നാല് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോഗ്യവാനായി വീണ്ടും ഇന്നലെ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തി. തൊപ്പി വച്ചതല്ലാതെ, പതിവ് ശൈലിയിൽ മാറ്റമില്ല.
കഴിഞ്ഞ ഒക്ടോബർ മുതലാണ് ചികിത്സാർത്ഥം കോടിയേരി പാർട്ടിത്തിരക്കുകളിൽ നിന്ന് വിട്ടുനിന്നത്. അഞ്ച് മ
ണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് വിദേശത്ത് പോയത്. മൂന്നാഴ്ചയോളം ചികിത്സ നടത്തി മടങ്ങിയെത്തിയ അദ്ദേഹം കഴിഞ്ഞ മാസം വീണ്ടും വിദേശത്തേക്ക് പോയി. ചികിത്സ പൂർത്തിയാക്കി ജനുവരി 30ന് മടങ്ങിയെത്തി..ജനുവരി 17 മുതൽ 19വരെ തിരുവനന്തപുരത്ത് നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എ.കെ.ജി സെന്ററിൽ നടന്ന പാർട്ടി സംസ്ഥാന നേതൃയോഗങ്ങളിൽ മുഴുവൻ സമയവും പങ്കെടുത്ത അദ്ദേഹം യോഗതീരുമാനങ്ങൾ വിശദീകരിക്കാനാണ് ഇന്നലെ വാർത്താസമ്മേളനം വിളിച്ചത്. കോടിയേരിയുടെ അഭാവത്തിൽ ചേർന്ന സംസ്ഥാനസമിതി യോഗങ്ങൾക്ക് ശേഷം പതിവ് വാർത്താസമ്മേളനങ്ങൾ ഒഴിവാക്കിയിരുന്നു. പാർട്ടി സംസ്ഥാന സെന്ററിന് ഏകോപനച്ചുമതലയും നൽകിയിരുന്നു. പാർട്ടിയുടെ ദൈനംദിന കാര്യങ്ങളിൽ സജീവമാകുമെങ്കിലും തുടർ ചികിത്സ ഇവിടെയും വേണ്ടിവരും.