ബി.പി.സി.എൽ വില്‌പന യാഥാർത്ഥ്യത്തിലേക്ക്,​ താത്പര്യപത്രം ക്ഷണിക്കാൻ മന്ത്രിതല സമിതിയുടെ അനുമതി

Monday 17 February 2020 5:36 AM IST

കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ) ഓഹരി വിറ്റൊഴിയാനുള്ള കേന്ദ്രനീക്കം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു. ഓഹരി വില്പനയ്ക്ക് മുന്നോടിയായുള്ള താത്പര്യപത്രം ക്ഷണിക്കാൻ (എക്‌സ്‌പ്രഷൻ ഒഫ് ഇന്ററസ്‌റ്റ് - ഇ.ഒ.ഐ) കേന്ദ്ര മന്ത്രിതല സമിതിയുടെ അനുമതി ഇന്നലെ ലഭിച്ചു. ധനകാര്യം, പെട്രോളിയം, നിയമം, കോർപ്പറേറ്ര് കാര്യം എന്നീ വകുപ്പ് മന്ത്രിമാരും ഓഹരി വില്പന വകുപ്പിന്റെ പ്രതിനിധിയും അടങ്ങിയ സമിതിയുടേതാണ് അനുമതി.

മുതിർന്ന കാബിനറ്റ് മന്ത്രിമാരടങ്ങിയ 'ഓൾട്ടർനേറ്റീവ് മെക്കാനിസ"ത്തിന്റെ അനുമതി കൂടി ലഭിച്ചാൽ നിക്ഷേപകരെ തേടി താത്പര്യപത്രം ക്ഷണിക്കും. ബി.പി.സി.എല്ലിൽ 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രസർക്കാരിനുള്ളത്. ഇതുമുഴുവൻ വിറ്റൊഴിഞ്ഞ് സർക്കാർ, കമ്പനിയെ സ്വകാര്യവത്കരിക്കും. മൊത്തം 1.03 ലക്ഷം കോടി രൂപയുടെ മൂല്യമാണ് ബി.പി.സി.എല്ലിന് കണക്കാക്കുന്നത്. ഇതിൽ സർക്കാർ ഓഹരികളുടെ വില 54,000 കോടി മുതൽ 60,000 കോടി രൂപവരെയെന്ന് വിലയിരുത്തുന്നു.

സർക്കാർ ഓഹരികൾ വാങ്ങുന്ന നിക്ഷേപകർ, കമ്പനിയിലെ 26 ശതമാനം വരുന്ന ന്യൂനപക്ഷ ഓഹരികളും ഓപ്പൺ ഓഫറിലൂടെ വാങ്ങേണ്ടിവരും. ഇതിന് വേണ്ടത് 30,000 കോടി രൂപയാണ്. നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഏതാനും മാസങ്ങൾ കൂടി വേണ്ടിവരുമെന്നതിനാൽ, 2020-21 സാമ്പത്തിക വർഷമേ ഓഹരി വില്പന പൂർത്തിയാകൂ. ഇതു കൂടി കണക്കിലെടുത്താണ്, കഴിഞ്ഞ ബഡ്‌ജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ 2020-21ലെ മൊത്തം പൊതുമേഖലാ ഓഹരി വില്പന വരുമാനലക്ഷ്യം 2.10 ലക്ഷം കോടി രൂപയായി ഉയർത്തിയത്.

ബി.പി.സി.എൽ

ചെറിയ മീനല്ല!

 മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികൾ ബി.പി.സി.എല്ലിനുണ്ട്.

 ഇവയുടെ വാർഷിക ഉത്‌പാദനശേഷി 38.3 മില്യൺ ടൺ. ഇന്ത്യയുടെ മൊത്തം ഉത്പാദനശേഷിയായ 249.4 മില്യൺ ടണ്ണിന്റെ 15 ശതമാനമാണിത്.

 നുമാലിഗഢ് ഒഴികെയുള്ള മൂന്നു റിഫൈനറികളാണ് (ശേഷി 35.3 മില്യൺ ടൺ) കേന്ദ്രം വിറ്റഴിക്കുക. നുമാലിഗഢ് റിഫൈനറി ഇന്ത്യൻ ഓയിലിനോ മറ്രേതെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനിക്കോ വിൽക്കും.

21%

ഇന്ത്യയുടെ മൊത്തം പെട്രോളിയം ഉത്പന്ന ഡിമാൻഡിന്റെ 21 ശതമാനവും പൂർത്തിയാക്കുന്നത് ബി.പി.സി.എല്ലാണ്.

15,177

പെട്രോൾ പമ്പുകൾ ബി.പി.സി.എല്ലിനുണ്ട്. എൽ.പി.ജി ബോട്ടിലിംഗ് പ്ളാന്റുകൾ 51. എൽ.പി.ജി ഡിസ്‌ട്രിബ്യൂട്ടർ എജൻസികൾ 6,011.

₹2.10 ലക്ഷം കോടി

ബി.പി.സി.എൽ ഓഹരി വില്പന വിജയിക്കേണ്ടത് കേന്ദ്രസർക്കാരിന് നിർണായകമാണ്. 2020-21 സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വില്പനയിലൂടെ 2.10 ലക്ഷം കോടി രൂപയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 60,000 കോടി രൂപയാണ് ബി.പി.സി.എൽ ഓഹരി വില്പനയുടെ ലക്ഷ്യം.